വോട്ട് രേഖപ്പെടുത്താൻ പോയ ഗ്രാമത്തലവനെ കാട്ടാന ചവിട്ടിക്കൊന്നു
Saturday, May 25, 2024 7:35 PM IST
റാഞ്ചി: ജാർഖണ്ഡിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ പോയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. കിഴക്കൻ സിംഗ്ഭും ജില്ലയിലാണ് സംഭവം.
ജംഷഡ്പൂർ ലോക്സഭാ മണ്ഡലത്തിലെ ബഹരഗോറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോബർബാനി ഗ്രാമത്തിന്റെ ഗ്രാമത്തലവനായ സുരേന്ദ്ര നാഥ് ഹൻസ്ദാ ആണ് കൊല്ലപ്പെട്ടത്.
ജംഷഡ്പൂർ നഗരത്തിൽ നിന്ന് 90 കിലോമീറ്റർ അകലെ ഗോബർബാനി വനത്തിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വോട്ട് രേഖപ്പെടുത്തുന്നതിനായി രാവിലെയാണ് സുരേന്ദ്ര നാഥ് വീട്ടിൽ നിന്നും പുറപ്പെട്ടത്.
135- ധോലബേഡ പോളിംഗ് കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തിനെ കാട്ടാന ആക്രമിച്ചു. ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പോളിംഗ് കേന്ദ്രത്തിൽ നിന്നും 100 മീറ്റർ അകലെ വച്ചാണ് സുരേന്ദ്ര നാഥ് കൊല്ലപ്പെട്ടത്.
ഗ്രാമവാസികളാണ് സംഭവത്തെക്കുറിച്ച് വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഘട്സില സദർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.