മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്
Monday, May 13, 2024 8:46 PM IST
മുംബൈ: മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് എട്ട് പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. ഘാട്കോപ്പറില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
നിരവധിപേര്‍ പരസ്യബോര്‍ഡിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയ്ക്കും പൊടിക്കാറ്റിനുമിടെ ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിലെ പോലീസ് ഗ്രൗണ്ട് പെട്രോള്‍ പമ്പിലേക്കാണ് കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണത്.
പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.