മഴയ്ക്കൊപ്പം ചൂടും; സംസ്ഥാനത്ത് 10 ജില്ലകളിൽ താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
Wednesday, May 8, 2024 10:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളൊഴികെ10 ജില്ലകളിലുമാണ് ജാഗ്രതാ മുന്നറിയിപ്പുള്ളത്. സാധാരണയെക്കാൾ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലാവാനാണ് സാധ്യത.
പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കൊടുംചൂടിന് ആശ്വാസമായി, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.