മധ്യപ്രദേശിൽ ഇവിഎം മെഷിനുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോയ ബസിന് തീപിടിച്ചു
Wednesday, May 8, 2024 6:19 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസിന് തീപിടിച്ചു. സംഭവത്തിൽ ഏതാനും ഇവിഎം മെഷിനുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
എന്നാൽ ഉദ്യോഗസ്ഥർക്കോ ബസ് ഡ്രൈവർക്കോ പരിക്കേറ്റിട്ടില്ലെന്ന് ബെതുൽ കളക്ടർ നരേന്ദ്ര സൂര്യവൻഷി പറഞ്ഞു. ചൊവ്വാഴ്ച രാത്രി 11 ഓടെ ഗോല ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.
ബസിലെ തീപ്പൊരി കാരണമാണ് തീപിടിത്തമുണ്ടായതെന്നും എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും കളക്ടർ പറഞ്ഞു. ബൂത്ത് നമ്പർ 275, 276, 277, 278, 279, 280 എന്നിവയുൾപ്പെടെ നാല് പോളിംഗ് സ്റ്റേഷനുകളിലെ ഇവിഎമ്മുകൾ തീപിടിത്തത്തിൽ നശിച്ചു.
അഗ്നിശമനസേന തീ അണച്ചുവെന്നും ഇത് ബസ് പൂർണമായും കത്തിനശിച്ചതായും കളക്ടർ കൂട്ടിച്ചേർത്തു. സംഭവം ഇവിഎമ്മിൽ രേഖപ്പെടുത്തിയ വോട്ടിനെ ബാധിക്കുമോയെന്ന ചോദ്യത്തിന്, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് അയക്കുമെന്നും ഈ ബൂത്തുകളിൽ റീപോളിംഗ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുമെന്നും കളക്ടർ പറഞ്ഞു.