തിരുവല്ലയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ മദ്യപന് വലിച്ച് താഴെയിട്ടു; പ്രതി പിടിയില്‍
Tuesday, May 7, 2024 3:33 PM IST
പത്തനംതിട്ട: തിരുവല്ലയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ മദ്യലഹരിയിലായിരുന്ന യുവാവ് വലിച്ചുതാഴെയിട്ടു. തിരുവല്ല പൊലീസ് സ്റ്റേഷന് മുമ്പില്‍ വച്ചായിരുന്നു സംഭവം.
തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ ആക്രമിച്ചത്. യുവതി നിലവില്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ പൊലീസുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ വാഹനം അവിടെ പിടിച്ചുവച്ച് ഇയാളെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു.
സ്റ്റേഷനില്‍ നിന്ന് തിരുവല്ല റോഡില്‍ എത്തിയ ജോജോ സ്കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ വലിച്ച് താഴെയിടുകയായിരുന്നു. വണ്ടിയുടെ താക്കോല്‍ ഊരിയെടുത്ത ഇയാള്‍ യുവതിയെ മര്‍ദിക്കുകയും ചെയ്തു.
സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് യുവതിയെ രക്ഷിച്ചത്. ഉടനെ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിനിടെ ആക്രമണത്തിനിരയായ യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ പോലീസ് വാഹനത്തിലിട്ട് മര്‍ദിച്ചു.
ഇയാളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച് തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മര്‍ദനം. ഏറെ പ്രയാസപ്പെട്ടാണ് പോലീസ് ഇയാളെ ഇവിടെനിന്ന് കൊണ്ടുപോയത്.