കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
Monday, May 6, 2024 5:01 PM IST
ചെന്നൈ: കന്യാകുമാരി ഗണപതിപുരം ബീച്ചിലെത്തിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുച്ചറപ്പള്ളി എസ്ആർഎം മെഡിക്കൽകോളജിലെ വിദ്യാർഥികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പെൺകുട്ടികളും ഉൾപ്പെടും.
മൂന്നു വിദ്യാർഥികളെ രക്ഷപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്, ആസ്ര സ്വദേശികളാണ് മരിച്ച വിദ്യാർഥികൾ. വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.
കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലെമൂർ ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചിൽ എത്തിയത്.