തൃശൂരിലെ കിടപ്പുരോഗിയുടെ മരണം കൊലപാതകം; സംഭവത്തിന് പിന്നില്‍ സഹോദരീഭര്‍ത്താവെന്ന് മൊഴി
Monday, May 6, 2024 10:07 AM IST
തൃശൂര്‍: വീട്ടിനുള്ളില്‍ കിടപ്പുരോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് മൊഴി. നെടുമ്പാള്‍ വഞ്ചിക്കടവ് സ്വദേശി സന്തോഷ്(45) ആണ് മരിച്ചത്.
തന്റെ ഭര്‍ത്താവ് സെബാസ്റ്റ്യനാണ് കൊല ചെയ്തതെന്ന് മരിച്ച സന്തോഷിന്റെ സഹോദരി പോലീസില്‍ മൊഴി നല്കി. ചങ്ങലകൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴി.
വെള്ളിയാഴ്ചയാണ് സന്തോഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ തൊഴിലാളിയായ സന്തോഷ് ഏറെ നാളായി തളര്‍ന്ന് കിടപ്പായിരുന്നു
സന്തോഷിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന സഹോദരി ഷീബ, ഇവരുടെ ഭര്‍ത്താവ് സെബാസ്റ്റ്യന്‍ എന്നിവരാണ് മരണവിവരം സമീപവാസികളെ അറിയിച്ചത്. എന്നാല്‍ മൃതദേഹം തറയില്‍ കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതിന് പിന്നാലെ സെബാസ്റ്റ്യന്‍ ചിതലിന് തളിക്കുന്ന മരുന്ന് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിന്നീട് ഷീബയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കിടപ്പുരോഗിയായ സന്തോഷിനെ ശുശ്രൂഷിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.