അറസ്റ്റിനെ ഭയപ്പെടുന്നില്ല: എം.എം.വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി
Monday, April 29, 2024 11:38 AM IST
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. രാവിലെ ഇഡിയുടെ കൊച്ചി ഓഫിസിലാണ് അദ്ദേഹമെത്തിയത്.
ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്നും എന്നാല്‍ എന്തിനാണ് വിളിച്ചതെന്ന് അവരോട് ചോദിക്കണമെന്നും ചോദ്യംചെയ്യലിന് ഹാജരാകവെ അദ്ദേഹം പ്രതികരിച്ചു. അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും വര്‍ഗീസ് വ്യക്തമാക്കി.
സിപിഎമ്മിന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാനാണ് വര്‍ഗീസിനോട് ഇഡി നിര്‍ദേശം. ജില്ലയില്‍ പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ബെനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
ഈ മാസം 22ന് ഹാജരാകാന്‍ ആണ് ഇഡി വര്‍ഗീസിന് സമന്‍സ് നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും നോട്ടീസ് നല്‍കിയെങ്കിലും വര്‍ഗീസ് ഹാജരായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇന്ന് ഹാജരാകുകയായിരുന്നു.