സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവികസേന
Saturday, March 30, 2024 1:59 AM IST
ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയൻ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് മോചിപ്പിച്ചു. 12 മണിക്കൂർ നീണ്ടുനിന്ന പോരാട്ടമാണ് ലക്ഷ്യത്തിലെത്തിയത്.
കപ്പലിലെ 23 പാക്കിസ്ഥാൻ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്.
സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്.
അല്‍ കംബാര്‍ എന്ന ഇറാനിയന്‍ കപ്പലായിരുന്നു കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തിരുന്നത്. തന്ത്രപരമായ ദൗത്യത്തിനൊടുവില്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങാന്‍ തയാറായതായി നാവികസേന അറിയിച്ചു.