മോസ്കോ ഭീകരാക്രമണം; യുക്രെയ്ന് മേൽ അനാവശ്യ ആരോപണം നടത്തുന്നുവെന്ന് സെലൻസ്കി
Sunday, March 24, 2024 6:48 AM IST
കീവ്: മോസ്കോ ഭീകരാക്രമണത്തിന്റെ ഉത്തരവാദികൾ യുക്രെയ്നാണെന്ന് വരുത്തിതീർക്കാൻ പുടിൻ ശ്രമിക്കുന്നുവെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി.
മോസ്കോയിൽ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമാണ്. എന്നാൽ പുടിനും മറ്റുള്ളവരും വേറെ ആളുകളെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവർക്ക് എല്ലായ്പ്പോഴും ഒരേ രീതികളുണ്ട്.-സെലൻസ്കി പറഞ്ഞു.
അറസ്റ്റിലായ അക്രമികൾക്ക് റഷ്യൻ അതിർത്തി കടക്കാൻ യുക്രെയ്ൻ ഭാഗത്തെ ചിലരുടെ സഹായം കിട്ടിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പുടിൻ പറഞ്ഞത്.
എന്നാൽ പുടിന്റെ ആരോപണങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് യുക്രെയ്ൻ രംഗത്തെത്തിയിരുന്നു. പുടിൻ റഷ്യൻ പൗരന്മാരുമായി ഇടപഴകുന്നതിനും അവരെ അഭിസംബോധന ചെയ്യുന്നതിനുപകരം ഒരു ദിവസം നിശബ്ദനായിരുന്നു. പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം എങ്ങനെ യുക്രെയ്നിലേക്ക് കൊണ്ടുവരുമെന്ന് ചിന്തിച്ചു.- സെലെൻസ്കി പറഞ്ഞു.
അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഐഎസിന്റെ മാധ്യമമായ ‘അമാഖി’ൽ ആണ് ഇതു സംബന്ധിച്ച അറിയിപ്പു വന്നത്. മുസ്ലിം ഭൂരിപക്ഷ ചെച്നിയയിൽ റഷ്യൻ സേന നടത്തിയ രണ്ടു യുദ്ധങ്ങളും സിറിയയിലെ റഷ്യൻ സേനയുടെ ഇടപെടലുകളും ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുകയുണ്ടായി.