വിവാഹഘോഷയാത്രയുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; അഞ്ചുപേർ കൊല്ലപ്പെട്ടു
Tuesday, March 12, 2024 4:47 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹഘോഷയാത്രയുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചുകയറി അഞ്ചുപേർ കൊല്ലപ്പെട്ടു. 11പേർക്ക് പരിക്ക്. റെയ്സൻ ജില്ലയിലെ സുൽത്താൻപൂർ പ്രദേശത്തെ ഖമാരിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.
ഹൊഷംഗബാദ് ജില്ലയിലെ അഞ്ചൽഖേഡയിൽ നിന്നാണ് ഘോഷയാത്ര എത്തിയത്. ഘോഷയാത്രയുടെ ഭാഗമായി വിളക്കുകൾ ചുമന്ന തൊഴിലാളികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് സുൽത്താൻപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് രജത് സാരഥെ പറഞ്ഞു.
അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ ഭോപ്പാലിലെ ആശുപത്രിയിലേക്കു മാറ്റി.
മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചതായി റൈസെൻ കളക്ടർ അരവിന്ദ് ദുബെ അറിയിച്ചു.