കോഴിക്കോട്ടും വടകരയിലും ആലപ്പുഴയിലും സിപിഎം-ലീഗ് അന്തര്‍ധാര: എം.ടി. രമേശ്
Thursday, February 29, 2024 4:31 PM IST
കോഴിക്കോട്: സിപിഎമ്മിനെതിരേ ആരോപണങ്ങളുമായി ബിജെപി നേതാവ് എം.ടി. രമേശ്. മുസ്ലിം ലീഗിന് വേണ്ടി പൊന്നാനിയിലും മലപ്പുറത്തും സിപിഎം രംഗത്തിറക്കുന്നത് ദുര്‍ബല സ്ഥാനാര്ഥികളെയാണെന്നാണ് ആരോപണം. കോഴിക്കോടും വടകരയിലും ആലപ്പുഴയിലും ലീഗിന്റെ പിന്തുണ ഉറപ്പാക്കാനാണ് സിപിഎം ശ്രമമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രമേശ് ആരോപിക്കുന്നു.
എളമരം കരീം ലീഗിന്റെ സിപിഎം സ്ഥാനാര്‍ഥിയാണ്. ഇ.ടി.മുഹമ്മദ് ബഷീര്‍ ഇത്തവണ പൊന്നാനിയില്‍ മത്സരിക്കില്ലെന്ന് സിപിഎം ഉറപ്പുനല്‍കിയെന്നാണ് അവിടത്തെ സിപിഎം സ്ഥാനാര്‍ഥി കെ.എസ്. ഹംസ പറയുന്നത്.
തന്റെ ഗുരുനാഥനായ ഇ.ടിയോട് മത്സരിക്കാനുള്ള വൈമുഖ്യം സിപിഎം നേതൃത്വത്തെ അറിയിച്ചപ്പോഴാണ് ലീഗിന്റെ സ്ഥാനാര്‍ഥിയെ സംബന്ധിക്കുന്ന അതീവ രഹസ്യമായ കാര്യം സിപിഎം ഉറപ്പുപറയുന്നത്. എങ്ങനെയാണ് ലീഗിലെ അരമന രഹസ്യം സിപിഎം മനസിലാക്കിയത്. ഇത് അന്തര്‍ധാരയാണ്.
ലീഗിന് വേണ്ടി ദുര്‍ബല സ്ഥാനാര്‍ഥികളെ പൊന്നാനിയിലും മലപ്പുറത്തും സിപിഎം മത്സരിപ്പിക്കുന്നത് കോഴിക്കോടും വടകരയിലും ആലപ്പുഴയിലും ലീഗിന്റെ പിന്തുണ ഉറപ്പാക്കാനാണ്. അപ്പോള്‍ പിന്നെ ലീഗിന്റെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നല്ല ധാരണ സിപിഐഎമ്മിനുണ്ടാകും- പോസ്റ്റില്‍ എം.ടി. രമേശ് പറയുന്നു.