ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ്: വരണാധികാരി വിചാരണ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി
Tuesday, February 20, 2024 3:09 AM IST
ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ വരണാധികാരി സത്യസന്ധമായി മറുപടി നൽകിയില്ലെങ്കിൽ വിചാരണ നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി. വരണാധികാരി അനിൽ മസിഹിനെ വിളിച്ചുവരുത്തിയ കോടതി, ബാലറ്റ് പേപ്പറുകളിൽ എന്തിനാണ് മാർക്ക് ചെയ്തതെന്നും അതിന് ആര് അധികാരം നൽകിയെന്നും ചോദിച്ചു.
ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും ചൊവ്വാഴ്ച ഹാജരാക്കാനും നിർദേശം നൽകി. ഇവ ഉച്ചക്ക് രണ്ടിന് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും സുരക്ഷിതമായി ഡൽഹിയിലേക്ക് കൊണ്ടുവരാൻ ജുഡീഷൽ ഓഫീസറെ നിയോഗിക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശം നൽകി.
കഴിഞ്ഞദിവസം മൂന്ന് ആം ആദ്മി പാർട്ടി കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറുമാറിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കുതിരക്കച്ചവടമാണ് നടക്കുന്നതെന്ന ആശങ്കയും കോടതി പരാമർശിച്ചു.
മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിനു പകരം മറ്റൊരു റിട്ടേണിംഗ് ഓഫിസറെക്കൊണ്ട് വോട്ടുകൾ എണ്ണിക്കണമെന്ന് ആദ്യം നിർദേശിച്ചെങ്കിലും ബാലറ്റ് പേപ്പറുകൾ പരിശോധിച്ചശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.