കടമെടുപ്പിനു പരിധി; കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
Tuesday, February 13, 2024 6:22 AM IST
ന്യൂഡൽഹി: കടമെടുപ്പിനു പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നെന്നാരോപിച്ച് കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേരളത്തിന്റെ ധനമാനേജ്മെന്റ് മോശമാണ്, കിഫ്ബി പോലുള്ള സംവിധാനങ്ങൾ വഴി ബജറ്റിനുപുറത്തുള്ള കടമെടുപ്പ് നടത്തുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രം ഉന്നയിച്ചത്.
ഒരു സംസ്ഥാനത്തിന്റെ കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രത്തിന് ഭരണഘടന അവകാശം നൽകുന്നില്ലെന്ന് കേരളവും വാദിച്ചിരുന്നു. രാജ്യത്തിന്റെ ആകെ കടത്തിന്റെ 1.70-1.75 ശതമാനം മാത്രമാണു 2019-2023 കാലത്തെ കേരളത്തിന്റെ കടം. ഇന്ത്യയുടെ ആകെ കടത്തിന്റെ 60 ശതമാനവും കേന്ദ്രത്തിന്റേതാണെന്നും കേരളം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങൾ സാന്പത്തിക ധൂർത്ത് നടത്തിയാൽ പോലും അതു ദേശീയ സാന്പത്തികസ്ഥിതിയെ ബാധിക്കുമെന്ന വാദം സാങ്കൽപ്പികമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും സംസ്ഥാന നിയമസഭകൾ നിശ്ചയിച്ചിട്ടുള്ള പരിധികൾക്കു കീഴിൽ മാത്രമേ കടമെടുക്കാൻ കഴിയൂവെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.