വനംവകുപ്പ് കഴിയുന്നതെല്ലാം ചെയ്യുന്നു, അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് മന്ത്രി ശശീന്ദ്രൻ
Saturday, February 10, 2024 11:57 AM IST
കോഴിക്കോട്: മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന്. വനംവകുപ്പിനു ചെയ്യാന്‍ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ദ്രുതഗതിയില്‍ സ്വീകരിക്കുന്നുണ്ടെന്ന് ശശീന്ദ്രൻ പറഞ്ഞു. എന്നാൽ അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു.
ഉന്നതതലയോഗം ഉടന്‍ ചേരും. ജനങ്ങളുടെ ഭാഗത്തുനിന്നു സഹകരണമുണ്ടെങ്കില്‍ മാത്രമേ പ്രശ്നം നല്ലരീതിയില്‍ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ജനക്കൂട്ടമുണ്ടാകുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും. സൗമ്യയമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോകണം. പ്രശ്നങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതല്‍ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോള്‍ ചെയ്യേണ്ടത്.
സാധാരണ നടപടികള്‍കൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.