ഇന്ത്യക്കാർക്ക് വീസയില്ലാതെ ഇറാൻ സന്ദർശിക്കാം..നിബന്ധനകളോടെ
Wednesday, February 7, 2024 1:11 AM IST
ന്യൂഡൽഹി: വിനോദസഞ്ചാരത്തിനായി വിമാനമാർഗം ഇറാനിൽ പ്രവേശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി വീസ വേണ്ടന്ന് ഇറാൻ. നിബന്ധനകൾക്ക് വിധേയമായി വീസ ഇല്ലാതെ പരമാവധി 15 ദിവസം രാജ്യത്ത് താമസിക്കാമെന്ന് ഇറാൻ എംബസി അറിയിച്ചു.
ഫെബ്രുവരി നാല് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. ഡിസംബറിൽ ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പടെ 32 രാജ്യങ്ങൾക്കായി പുതിയ വീസ രഹിത പദ്ധതി ഇറാൻ അംഗീകരിച്ചിരുന്നു.
സാധാരണ പാസ്പോർട്ടുകൾ കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകുമെന്നും പരമാവധി 15 ദിവസം വരെ താമസിക്കാമെന്നും ഇറാനിയൻ റീഡൗട്ട് പറഞ്ഞു. 15 ദിവസത്തെ കാലാവധി നീട്ടി നൽകില്ല.
ഇറാനിൽ കൂടുതൽ കാലം താമസിക്കാനോ ആറ് മാസത്തിനുള്ളിൽ ഒന്നിലധികം പ്രാവശ്യം രാജ്യത്ത് പ്രവേശിക്കാനോ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വീസകൾ ആവശ്യമുള്ള ഇന്ത്യക്കാർ ഇന്ത്യയിലെ ഇറാനിയൻ മിഷനുകളിൽ നിന്ന് ആവശ്യമായ വീസ നേടണമെന്നാണ് നിർദേശം.
കഴിഞ്ഞ മാസം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാനിൽ സന്ദർശനം നടത്തിയിരുന്നു. അദേഹം ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായി ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.