രഞ്ജിത് ശ്രീനിവാസൻ കൊലക്കേസ്: പ്രതികളുടെ മാനസികനില പരിശോധിക്കുന്നു
Tuesday, January 23, 2024 10:55 AM IST
മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളുടെ മാനസികനില പരിശോധിക്കുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പരിശോധന. കോടതി നിർദേശപ്രകാരമാണ് നടപടി.
കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിനു മുന്നോടിയായാണ് പരിശോധന. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി. ശ്രീദേവിയാണു കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്.
ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കെതിരേ കോടതി കൊലക്കുറ്റം ചുമത്തി. 2021 ഡിസംബർ 19ന് രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.
ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേവെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ. ഇവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.