കച്ചമുറുക്കി ബിജെപി; അനിൽ ആന്റണി കോട്ടയത്തോ ചാലക്കുടിയിലോ മത്സരിച്ചേക്കും, പി.സി.ജോർജിന് പത്തനംതിട്ട
Saturday, January 20, 2024 3:04 PM IST
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി ഇത്തവണ ലോക്സഭയിലേക്ക് കേരളത്തിൽ നിന്നും മത്സരിച്ചേക്കും. അനിലിനെ കോട്ടയത്തോ ചാലക്കുടിയിലോ ബിജെപി സ്ഥാനാർഥിയാക്കുമെന്ന സൂചനയാണുള്ളത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തു നിന്നുള്ള ആദ്യഘട്ട സ്ഥാനാർഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിജെപി. ജനുവരി 30ന് മുമ്പ് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
ബിജെപി കേന്ദ്ര നേതൃത്വം ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങള്‍ കേരളത്തിലാണ്. കേരളത്തിൽ നിന്ന് എൻഡിഎയ്ക്ക് നാല് സ്ത്രീകളും ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. ശോഭ സുരേന്ദ്രന്, നിവേദിത സുബ്രഹ്മണ്യൻ, പ്രമീളാദേവി എന്നിവരുടെ പേരുകൾ ചർച്ചകളിലുണ്ട്.
തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങലിൽ വി.മുരളീധരന്, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, പാലക്കാട്ട് സി.കൃഷ്ണകുമാര്‍, വടകരയിൽ പ്രഫുല്‍ കൃഷ്ണന് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്.
പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനോ പി.സി.ജോര്‍ജിനോ ആണ് സാധ്യത. വയനാട്ടിൽ ബിഡിജെഎസുമായി ധാരണയിൽ എത്തിയാൽ എ.പി. അബ്ദുള്ളകുട്ടിയോ ശോഭ സുരേന്ദ്രനോ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. കോഴിക്കോട്ട് നവ്യ ഹരിദാസിനേയും എം.ടി.രമേശിനേയും പരിഗണിക്കുന്നുണ്ട്. കാസര്‍ഗോഡ് ശ്രീകാന്തിനും പി.കെ.കൃഷ്ണദാസിനുമാണ് സാധ്യതയുള്ളത്.