മാനനഷ്ടക്കേസിൽ മൻസൂർ അലി ഖാന് തിരിച്ചടി; പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി
Friday, December 22, 2023 4:01 PM IST
ചെന്നൈ: സിനിമ താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവർക്കെതിരേ മൻസൂർ അലി ഖാൻ നല്കിയ മാനനഷ്ടകേസ് തള്ളി മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപയും കോടതി പിഴ ചുമത്തി.
ഈ തുക അഡയാർ കാൻസർ സെന്ററിന് കൈമാറാനാണ് നിർദേശം. പ്രശസ്തിക്കുവേണ്ടിയാണ് താരം കോടതിയെ സമീപിച്ചതെന്നും കോടതി വിലയിരുത്തി.
സമൂഹമാധ്യമമായ എക്സിലൂടെ തന്നെ മോശക്കാരനായി ചിത്രീകരിച്ചെന്നും ഇതിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മൻസൂർ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച കോടതി മൻസൂർ അലി ഖാനെ രൂക്ഷമായി വിമർശിച്ചു. മാനനഷ്ടേക്കസ് നല്കേണ്ടത് തൃഷയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തമിഴ് ചിത്രമായ ലിയോയുടെ പ്രസ് റിലീസിനിടെയാണ് മൻസൂർ തൃഷയ്ക്കെതിരേ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ താരം മാപ്പ് പറയുകയും ചെയ്തിരുന്നു.
താരത്തിനൊപ്പം ഇനി സിനിമയിൽ അഭിനയിക്കില്ലെന്നും തൃഷ പറഞ്ഞു. ഇതിന് പിന്നാലെയാണ് മൻസൂർ അലി ഖാൻ കോടതിയെ സമീപിച്ചത്.