വീണ്ടും ഷോക്കടിപ്പിക്കാൻ കെഎസ്ഇബി; 16 പൈസ കൂടി സർചാർജ് ആവശ്യപ്പെടും
Tuesday, December 12, 2023 7:11 AM IST
തിരുവനന്തപുരം: വൈദ്യതി സർചാർജിൽ വർധന ആവശ്യപ്പെട്ട് കെഎസ്ഇബി. നിലവിൽ പിരിക്കുന്ന 19 പൈസയ്ക്കു പുറമേ 16 പൈസയുടെ കൂടി വർധനയാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മിഷൻ 28ന് വാദം കേൾക്കും.
കഴിഞ്ഞമാസം വൈദ്യുതിനിരക്ക് കൂട്ടിയ സാഹചര്യത്തിൽ ഇത് ഉപഭോക്താക്കൾക്ക് കനത്ത ആഘാതമാകുമെന്ന ചിന്തയും കമ്മീഷനുണ്ട്. ഇപ്പോൾ യൂണിറ്റിന് ഒമ്പതുപൈസ കമ്മീഷൻ അനുവദിച്ച പ്രകാരം സർചാർജായി ഈടാക്കുന്നുണ്ട്.
കഴിഞ്ഞവർഷം ഡിസംബർ വരെ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവായ 280 കോടി ഈടാക്കാനാണിത്. ഈ വർഷം മാർച്ച് മുതലുള്ള അധികച്ചെലവ് ഈടാക്കാൻ 10 പൈസ സ്വന്തം നിലയ്ക്ക് ചുമത്താനും കെഎസ്ഇബിയെ കമ്മീഷൻ അനുവദിച്ചിട്ടുണ്ട്. അങ്ങനെ 19 പൈസയാണ് സർചാർജായി ഇപ്പോൾ ഈടാക്കുന്നത്.
ജനുവരി മുതൽ മാർച്ച് വരെയുള്ള സർചാർജിനുള്ള അപേക്ഷയാണ് ഇപ്പോൾ പരിഗണിക്കുന്നത്. 92 കോടിയാണ് ഇക്കാലത്ത് അധികം ചെലവായത്.
280 കോടി പിരിച്ചെടുക്കാൻ അനുവദിച്ചതിൽ നൂറുകോടിയിൽത്താഴെയാണ് കിട്ടിയതെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അതിനാൽ, ഒമ്പതുപൈസ സർചാർജ് കൂടുതൽക്കാലം തുടരാൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്. അതിനു പുറമെയാണ് സർചാർജ് ഇനത്തിൽ 16 പൈസയുടെ കൂടി വർധന കെഎസ്ഇബി ആവശ്യപ്പെടുന്നത്.