തൃഷയ്ക്കെതിരായ ലൈംഗിക പരാമര്‍ശം: മാപ്പ് പറയില്ല; തനിക്കെതിരേ ചിലര്രാഷ്ട്രീയം കളിക്കുകയാണെന്ന് മന്‍സൂര്‍ അലി ഖാന്
Tuesday, November 21, 2023 12:15 PM IST
ചെന്നൈ: തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന് മന്‍സൂര്‍ അലിഖാന്. തൃഷയേക്കുറിച്ച് മോശമായി സംസാരിച്ചില്ല. പിന്നെന്തിന് മാപ്പ് പറയണമെന്ന് അദ്ദേഹം ചോദിച്ചു. നടികര്‍ സംഘം തന്നെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് ലിയോയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരേ മന്‍സൂര്‍ അലി ഖാന് മോശം പരാമര്‍ശം നടത്തിയത്. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. താന്‍ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയില്‍ ഇല്ല എന്നുമായിരുന്നു മന്‍സൂര്‍ പറഞ്ഞത്.
ഇതിനെതിരേ തൃഷ രംഗത്ത് വന്നിരുന്നു. തനിക്കെതിരായുള്ള മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടന് മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നുമായിരുന്നു തൃഷയുടെ പ്രതികരണം.
പിന്നാലെ നടി ഖുശ്ബു സുന്ദര്‍, സംവിധായകന് ലോകേഷ് കനകരാജ്, കാര്‍ത്തിക് സുബ്ബരാജ്, ഗായിക ചിന്മയി ശ്രീപദ എന്നിവരുള്‍പ്പെടെ തമിഴ്നാട്ടിലെ നിരവധി സെലിബ്രിറ്റികള്‍ മന്‍സൂറിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.
എന്നാൽ തന്റെ വാക്കുകള്‍ തെറ്റായി ചിത്രീകരിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മന്‍സൂര്‍ അലി ഖാന് പറയുന്നത്. തൃഷയോടുള്ള ബഹുമാനം പ്രകടിപ്പിച്ച തന്റെ വാചകം എഡിറ്റ് ചെയ്തുവെന്നും മന്‍സൂര്‍ ആരോപിക്കുന്നു. വിവാദമുണ്ടാക്കാനോ ആരെയും അപമാനിക്കാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നടന് പറയുന്നു.
തമിഴില്‍ എഴുതിയ കുറിപ്പില്‍ "തൃഷ എന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നെ തെറ്റായി ചിത്രീകരിച്ച് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്.എനിക്ക് നല്ല സിനിമകള്‍ ലഭിക്കുന്നത് തടയാനാണ് ഇത് ചെയ്യുന്നത്.
എനിക്ക് സ്ത്രീകളോട് വലിയ ബഹുമാനമുണ്ട്. മുമ്പ് പല നടിമാര്‍ക്കൊപ്പവും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ല'- അദ്ദേഹം പറയുന്നു.
തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്.തന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടാന്‍ അനുവദിക്കില്ല. താന്‍ ആരാണെന്നും എന്താണെന്നും എല്ലാവര്ക്കും അറിയാമെന്ന് കുറിപ്പില്‍ മന്‍സൂര്‍ അലി ഖാന് വ്യക്തമാക്കുന്നു.