എടിപി ടൂര്‍ ഫൈനല്‍സ്; ജോക്കോവിച്ച് ഫൈനലില്‍
Sunday, November 19, 2023 3:48 AM IST
ടൂറിന്: എടിപി ടൂര്‍ ഫൈനല്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. ലോക രണ്ടാം നമ്പര്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് ഗാര്‍ഫിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശം. സ്കോര്‍: 6-3,6-2.
ടൂര്‍ ഫൈനല്‍സില്‍ ആറു കിരീടം നേടിയിട്ടുള്ള ജോക്കോവിച്ചിന്റെ ഒമ്പതാം ഫൈനൽ പ്രവേശമാണിത്. 10 പ്രാവശ്യം ഫൈനല്‍ കളിച്ചിട്ടുള്ള ഇതിഹാസ താരം റോജര്‍ ഫെഡറര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ജോക്കോവിച്ചിനു മുമ്പിലുള്ളത്.
ഫൈനലില്‍ ഇറ്റാലിയന്‍ താരം യാന്നിക് സിന്നറാണ് ജോക്കോവിച്ചിന്റെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സിന്നറിനൊപ്പമായിരുന്നു. സെമിയില്‍ റഷ്യന്‍ താരം ഡാനിയേല്‍ മെദ്വദേവിനെ കീഴടക്കിയാണ് സിന്നര്‍ ഫൈനലിലെത്തിയത്. ടൂര്‍ ഫൈനല്‍സിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരം കൂടിയാണ് ലോക നാലാം നമ്പരായ സിന്നര്‍.
ഡബിള്‍സില്‍ ഹോറേഷ്യോ സെബല്ലോസ്(അർജന്റീന)-മാര്‍സല്‍ ഗ്രനോലേഴ്സ്(സ്പെയിന്) സഖ്യവും രാജീവ് റാം(യുഎസ്എ)-ജോ സാലിസ്ബറി(ബ്രിട്ടന്) സഖ്യവും തമ്മിലാണ് ഫൈനല്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ രാജീവ് റാം-ജോ സാലിസ്ബറി സഖ്യം തുടര്‍ച്ചയായ മൂന്നാം ഫൈനലിനാണ് ഇറങ്ങുന്നത്.