ചിത്രകാരൻ സി.എൽ.പൊറിഞ്ചുക്കുട്ടി അന്തരിച്ചു
Sunday, November 19, 2023 2:53 AM IST
ദുബായ് : കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും ഫൈൻ ആർട്സ് കോളജ് പ്രഥമ പ്രിൻസിപ്പലുമായിരുന്ന തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശി പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടി(91) ദുബായിൽ അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഏറെ നാളുകളായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടിന് ദുബായ് ഗാർഡൻസിൽ മകന്റെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചു വർഷമായി മകന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം.
തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിന്റെ ശിൽപികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്റെ നവതി കഴിഞ്ഞ വർഷം മക്കളുടെയും കൊച്ചുമക്കളുടെയും കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: ബൈജു(സീനിയർ എഡിറ്റർ, ദുബായ് ഗവ. മീഡിയ ഓഫീസ്) , ആശ.
തൃശൂർ ജില്ലയിലെ കേച്ചേരി ചിറനെല്ലൂരിൽ 1932ൽ ലൂയിസ്–താണ്ടമ്മ ദമ്പതികളുടെ മകനായി ജനിച്ച പൊറിഞ്ചുക്കുട്ടി ചിറനെല്ലൂർ സെന്റ് ജോസഫ് യുപി സ്കൂൾ, കേച്ചേരി ജ്ഞാനപ്രകാശിനി ലോവർ സെക്കൻഡറി സ്കൂൾ, കുന്നംകുളം ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ബിഎ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ഉദയ് പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ഫൈനാർട്സിൽ ഒന്നാം റാങ്കും ഗോൾഡും മെഡലും നേടിയാണ് ഈ മേഖലയിൽ സജീവമായത്.
1956ൽ മാവേലിക്കര രാജാരവിവർമ സ്കൂളിൽ ചിത്രകലാ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഇതേ സ്കൂളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബാച്ലർ ഓഫ് ഫൈനാർട്സ് ബിരുദവും ചിത്രകലാധ്യാപനത്തിൽ നാഷനൽ ഡിപ്ലോമയും ആരംഭിക്കുന്നതിന് മുൻകൈയെടുത്തത് ഇദ്ദേഹമാണ്.
കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറി, വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു. കൂടാതെ, നാഷനൽ ചിത്രകലാ ജൂറി ചെയർമാൻ, കമ്മിറ്റി ഫോർ ട്രിനാലെ ചെയർമാൻ, ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് അംഗം, ന്യൂഡൽഹി നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ആർട് പര്‍ചേസ് വിഭാഗം അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കേരളത്തിൽ മ്യൂസിയം, സർവവിജ്ഞാനകോശം, ജവഹർ ബാലഭവൻ എന്നീ സ്ഥാപനങ്ങളിൽ ഉപദേശകസമിതി അംഗമായിരുന്നു.
അഖിലേന്ത്യാ ഫൈൻ ആർട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് സൊസൈറ്റിയുടെ ദേശീയ അവാർഡ്, കേന്ദ്ര സർക്കാരിന്റെ മാനവശേഷി വികസന മന്ത്രാലയത്തിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും ഫെല്ലോഷിപ്, രാജാ രവിവർമ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും സ്വന്തമാക്കിയിരുന്നു.
സഹോദരിയുടെ പുത്രനും യുഎഇയിൽ ബിസിനസുകാരനും എഴുത്തുകാരനുമായ മഹേഷ് പൗലോസ് രചിച്ച പൊറിഞ്ചുക്കുട്ടിയുടെ ജീവചരിത്രം ചിത്രകലയിലെ ഏകാന്ത പഥികൻ ഏറെ ചർച്ച ചെയ്യപ്പെട്ടു.മരുമക്കൾ: കവിത, ശ്രീകാന്ത്. ചെറുമക്കൾ: നിനാരിക, ദിവ്യാങ്ക്ഷി, ഹൃഷി, നിധി.