സംസ്ഥാനത്ത് ഗുരുതര സാന്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി
Friday, November 17, 2023 10:22 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതര സാന്പത്തിക പ്രതിസന്ധി നിലനിൽക്കുന്നില്ലെന്നും കേന്ദ്രം കേരളത്തിനു നൽകാനുള്ളതിന്റെ പകുതി തന്നാൽ, മുഴുവൻ കുടിശികയും കൊടുത്തു തീർക്കാൻ കഴിയുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണത്തിനുള്ള മറുപടിയായാണ് ബാലഗോപാൽ ഇക്കാര്യം പറഞ്ഞത്.
കുടിശികകൾ കൊടുത്തു തീർക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്. ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തെ പെൻഷൻ വിതരണം തുടങ്ങി. നെല്ല് സംഭരണത്തിന് 200 കോടി രൂപ കൊടുത്തു. റബർ കർഷകർക്കുള്ള ഇൻസന്റീവ് സബ്സിഡി ഒക്ടോബർ വരെയുള്ളതു കൊടുത്തു തീർക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
പച്ചത്തേങ്ങ സംഭരണത്തിനുള്ള താങ്ങുവില കുടിശിക കൊടുക്കും. ഈ സർക്കാർ ഇതുവരെ 23,350 കോടി രുപയാണ് ക്ഷേമ പെൻഷന് നൽകിയത്. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപയാണ് വിതരണം ചെയ്തത്.
കെഎസ്ആർടിസിക്ക് ഈ മാസവും 70 കോടി നൽകി. രണ്ടാം പിണറായി സർക്കാർ ഇതുവരെ 4833 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്. ഏഴര വർഷത്തിനുള്ളിൽ ആകെ നൽകിയത് 9796 കോടി രൂപ.
കേന്ദ്രം സംസ്ഥാനത്തിനു തരാനുള്ളത് ആവശ്യപ്പെട്ടു കേന്ദ്രത്തിൽ സമ്മർദം ചെലുത്താമെന്നു പ്രതിപക്ഷ എംപിമാർ അടക്കം ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.