സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു; മരണം എട്ടുമാസം ഗർഭിണിയായിരിക്കെ
Wednesday, November 1, 2023 12:41 PM IST
തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലത്തിയപ്പോൾ ഹൃദയസ്തഭംനമുണ്ടാകുകയായിരുന്നു. നടൻ കിഷോർ സത്യയാണ് നടിയുടെ മരണവിവരം പങ്കുവച്ചത്.
മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു.
എട്ടു മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.
ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറു മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസിൽ സങ്കട മഴയായി.
എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും....വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി....മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു....ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...
രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി....35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല...
ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയേയും എങ്ങനെ കരകയറ്റും...അറിയില്ല....അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ....കിഷോർ സത്യ കുറിച്ചു.
എംബിബിഎസ് കഴിഞ്ഞ പ്രിയ തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എംഡി ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയിലാണ് അപ്രതീക്ഷിത വിടവാങ്ങൽ.
ബംഗളൂരു സ്വദേശിയായ ശരണവനൻ ആണ് ഭർത്താവ്. പൂജപ്പുരയിൽ അമ്മയ്ക്കും മകൾക്കുമൊപ്പമായിരുന്നു പ്രിയയുടെ താമസം.