കെഎസ്എഫ്ഇ ബംപർ സമ്മാനം: ഒരുകോടിയുടെ ഫ്ലാറ്റ് കൈമാറി
Friday, October 20, 2023 11:48 AM IST
തൃശൂർ: കെഎസ്എഫ്ഇ ഭദ്രതാ സമാർട്ട് ചിട്ടിയുടെ ബംപർ സമ്മാനമായ ഒരുകോടിരൂപയുടെ ഫ്ലാറ്റ് കരവാളൂർ ശാഖയിലെ വരിക്കാരൻ ടി.എസ്. ജയകുമാറിനു ധനമന്ത്രി കെ.എൻ. ബാലഗോപാൽ സമ്മാനിച്ചു.
മ്യൂച്ചൽ ഫണ്ടുകളേക്കാൾ ആദായകരമായ സന്പാദ്യമാർഗമായ ചിട്ടിയെക്കുറിച്ചുള്ള അവബോധം പുതിയ തലമുറയിലെത്തിക്കാൻ മുൻകൈയെടുക്കണമെന്നു ധനമന്ത്രി പറഞ്ഞു. കേരള ജനതയുടെ സന്പാദ്യം കേരളത്തിന്റെ വികസനത്തിനു ലഭ്യമാക്കുന്നതിൽ കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങൾ മികച്ച സേവനമാണു നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സാന്പത്തിക വർഷത്തിലെ രണ്ടാമത്തെ സവിശേഷ ചിട്ടി പദ്ധതിയായ ലോ കീ കാന്പെയ്നിലെ സമ്മാന വിജയിയായ എടമുട്ടം ശാഖയിലെ വരിക്കാരൻ ടി.എ. നൗഷാദിനുള്ള 25 പവൻ സമ്മാനവും വിതരണം ചെയ്തു.
കൊട്ടാരക്കര ഹൈലാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ്, കൗണ്‍സിലർ അരുണ്‍ കാടാങ്കുളം, സിപിഐ മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, കേരള കോണ്‍ഗ്രസ് (ബി) നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് വർഗീസ് വടക്കേടത്ത്, ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് മാത്യു സാം, കെ എസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി എസ്. മുരളീകൃഷ്ണപിള്ള, ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്. അരുണ്‍ബോസ്, എഫ്ഇഇഎ ജനറൽ സെക്രട്ടറി എസ്. വിനോദ്, കെ എസ്എഫ്ഇഒഎ ജനറൽ സെക്രട്ടറി എൻ.എ. മൻസൂർ, കൊല്ലം റൂറൽ മേഖലാ ഏജിഎം കെ.പി. പ്രമീള എന്നിവർ പ്രസംഗിച്ചു.