ന്യൂസ് ക്ലിക്കിന്റെ ചൈനാ ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് യുഎസ്
Wednesday, October 4, 2023 10:15 AM IST
വാഷിംഗ്ടൺ: ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ്ക്ലിക്കിന്റെ ചൈനാ ബന്ധത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് യുഎസ്.
എന്നാൽ ഇതിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളെക്കുറിച്ച് ബോധവാന്മാരാണന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവർത്തകരുടെ വസതിയിലും ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ നടത്തിയ റെയ്ഡിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘‘ആ ആശങ്കകളെക്കുറിച്ച് ഞങ്ങൾക്കറിയാം. കൂടാതെ ഈ മാധ്യമസ്ഥാപനത്തിന്റെ ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടിരുന്നു. എന്നാൽ, അവകാശവാദങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല’’ പട്ടേൽ പറഞ്ഞു.
സ്വതന്ത്രമായ ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്കിനെ യുഎസ് പിന്തുണച്ചതായും പട്ടേൽ കൂട്ടിച്ചേർത്തു ‘‘ഇന്ത്യൻ സർക്കാരിനോടും ലോകമെമ്പാടുമുള്ള രാജ്യങ്ങളോടും ഈ വിഷയങ്ങളിൽ ആശങ്കകൾ ഉന്നയിക്കുന്നു. ഓൺലൈനിലും ഓഫ്ലൈനിലും ഉള്ള അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെ, മാധ്യമപ്രവർത്തകരുടെ മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയോട് മാത്രമല്ല, മറ്റു രാജ്യങ്ങളോടും ഉന്നയിച്ചിട്ടുണ്ട്’’ പട്ടേൽ കൂട്ടിച്ചേർത്തു.
ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂസ് ക്ലിക്ക് ഓഫീസുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടെ വസതികളിൽ നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്.