കലിഫോര്‍ണിയ: 2022ലെ കൂട്ടപ്പിരിച്ചുവിടലിന് തുല്യമായ രീതിയില്‍ ഈ വര്‍ഷവും ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയേക്കുമെന്ന് സൂചന. വരും ദിവസങ്ങളിൽ ആല്‍ഫബെറ്റിന്‍റെ ഗ്ലോബല്‍ റിക്രൂട്ട്‌മെന്‍റ് ടീമില്‍ നിന്നും നിരവധി ആളുകളെ പിരിച്ചുവിട്ടേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ആല്‍ഫബെറ്റിലേക്ക് പുതിയതായി ആളുകളെ എടുക്കുന്നില്ലെന്നും അതിനാലാണ് റിക്രൂട്ട്‌മെന്‍റ് ടീമിനെ വെട്ടിക്കുറയ്ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ജീവനക്കാരില്‍ ഒരു വിഭാഗം ആളുകളെ മാത്രമാണ് ഒഴിവാക്കുന്നതെന്നും ഇത് കൂട്ടപ്പിരിച്ചുവിടലിന്‍റെ ഭാഗമല്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

കമ്പനിയിലെ സുപ്രധാന തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് തുടരുന്നുണ്ടെന്നും നല്ലൊരു ഭാഗം ജീവനക്കാരെ നിലനിര്‍ത്തിയിട്ടുണ്ടെന്നുമാണ് അധികൃതരുടെ വാദം. കോവിഡ് വ്യാപിച്ചിരുന്ന 2020-2021 കാലയളവില്‍ ആഗോളതലത്തില്‍ ടെക്ക് കമ്പനികളിലടക്കം കൂട്ടപ്പിരിച്ചുവിടല്‍ ശക്തമായിരുന്നു.

കഴിഞ്ഞ വര്‍ഷം സമ്പദ് വ്യവസ്ഥ പൂര്‍വസ്ഥിതി പ്രാപിച്ചെങ്കിലും പല കമ്പനികളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ആഗോള ടെക്ക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, മെറ്റ എന്നിവയും മുന്‍ നിര ഇ-കൊമേഴ്‌സ് കോര്‍പ്പറേറ്റായ ആമസോണ്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം ആഗോളതലത്തില്‍ ആറ് ശതമാനം ജീവനക്കാരെയാണ് ആല്‍ഫബെറ്റ് പിരിച്ചുവിട്ടത്.

2022 ഡിസംബറിനകം 18,000 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. ഇത് കമ്പനി നേരിട്ട് ജോലി നല്‍കിയിരിക്കുന്ന ജീവനക്കാരുടെ കണക്കാണിത്. ഈ വര്‍ഷവും വമ്പന്‍ കോര്‍പ്പറേറ്റുകളില്‍ പിരിച്ചുവിടല്‍ നടക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ആഗോളതലത്തില്‍ നിലിനല്‍ക്കുന്ന പണപ്പെരുപ്പ ഭീഷണിയാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.