ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളി വില ഇനിയും ഉയര്‍ന്നേക്കും. കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍ തക്കാളിയുടെ വില കിലോഗ്രാമിന് 250 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
മൊത്തവ്യാപാരികള്‍ കിലോയ്ക്ക് 220 രൂപയാണ് ഈടാക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മദര്‍ ഡയറി നടത്തുന്ന വില്‍പനയില്‍ കിലോയ്ക്ക് 259 രൂപയാണ് ഈടാക്കുന്നത്. കാപ്‌സിക്കം, തക്കാളി എന്നിവയ്ക്കും മറ്റ് സീസണല്‍ പച്ചക്കറികളുടേയും വില്‍പനയില്‍ ഇടിവ് നേരിടുന്നുണ്ട്.

അതിനാല്‍ മൊത്തവ്യാപാരികള്‍ വന്‍ നഷ്ടമാണ് നേരിടുന്നതെന്നും കാര്‍ഷികോത്പന്ന വിപണന സമിതി (എപിഎംസി) അധികൃതര്‍ അറിയിച്ചു. മഴ മൂലം പച്ചക്കറികൾ കയറ്റിയയ്ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുന്നുണ്ട്.

ഇത് സാധാരണയെക്കാള്‍ എട്ട് മണിക്കൂര്‍ അധികമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പച്ചക്കറികളുടെ വിതരണം നടത്താന്‍ കൂടുതല്‍ സമയം എടുത്താല്‍ അവ കേടാകാനുള്ള സാധ്യതയും ഏറെയാണ്.

ഇക്കാരണത്താല്‍ തന്നെ ബീന്‍സും കാരറ്റും ഉള്‍പ്പടെയുള്ള മറ്റ് പച്ചക്കറികളുടെ വിലയും വരും ദിവസങ്ങളിൽ വർധിച്ചേക്കും.