തിരുവനന്തപുരം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് മുസ്‌ലീം ലീഗിനെ സിപിഎം ക്ഷണിച്ച സംഭവത്തില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. സെമിനാറില്‍ ലീഗ് പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്ന് ഹസന്‍ പ്രതികരിച്ചു.

പരിപാടിയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ലീഗാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു നിര്‍ദേശവും നല്‍കില്ല. ക്ഷണിക്കപ്പെടുന്ന എല്ലാ കല്ല്യാണങ്ങള്‍ക്കും ക്ഷണിക്കപ്പെടുന്നവര്‍ പോകണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്‍റെ സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചാലും തങ്ങള്‍ പോകില്ല. തെരഞ്ഞെടുപ്പ് അടുക്കും തോറും ഗോവിന്ദന് ലീഗിനോട് പ്രേമം കൂടിവരികയാണ്. പരാജയഭീതിയാണ് ഇതിനെല്ലാം അടിസ്ഥാനമെന്നും ഹസന്‍ വിമര്‍ശിച്ചു.

ഏക സിവില്‍ കോഡ് സംബന്ധിച്ച കോണ്‍ഗ്രസിന്‍റെ നിലപാടില്‍ ഒരു വ്യക്തതക്കുറവുമില്ലെന്നും അദ്ദേഹം പറഞ്ഞു.