തിരുവനന്തപുരം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ രചനാതന്ത്രം. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസിലാക്കുന്നതും ഓർമിക്കുന്നതും ആർട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നൽകിയ മുഖഛായകളിലൂടെയാണ്.

രേഖാചിത്രകാരനായും പെയിന്‍ററായും ശിൽപിയായും കലാസംവിധായകനായും തലമുറകളുടെ മനസിൽ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പകരംവയ്ക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.