വിമത നീക്കത്തിൽ പ്രഫുൽ പട്ടേലും; നോട്ടം കേന്ദ്രമന്ത്രിസ്ഥാനം..?
സ്വന്തം ലേഖകൻ
Sunday, July 2, 2023 4:33 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ പോയപ്പോൾ ശരദ് പവാറിനെ ഏറെ ഞെട്ടിച്ചത് ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേലിന്‍റെ നിലപാടാണ്. ശരദ് പവാറുമായി വളരെയധികം ആത്മസൗഹൃദം പുലർത്തിയിരുന്ന നേതാക്കളിൽ ഒരാളാണ് പ്രഫുൽ പട്ടേൽ.
ഞായറാഴ്ച ഉച്ചയോടെ അജിത് പവാറും വിമത എംഎൽഎമാരും രാജ്ഭവനിൽ എത്തിയപ്പോൾ പ്രഫുൽ പട്ടേലും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറിയില്ല.
ഷിൻഡെ-ബിജെപി സർക്കാരിനെ പിന്തുണച്ചാൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ പ്രഫുൽ പട്ടേലിനും അർഹമായ സ്ഥാനം ലഭിക്കുമെന്നാണ് സൂചന. മുൻ കേന്ദ്ര വ്യോമയാന മന്ത്രിയും ഫിഫ കൗൺസില്‍ അംഗവുമാണ് പ്രഫുൽ പട്ടേൽ.
കഴിഞ്ഞ മാസമാണ് എൻസിപി ദേശീയ പ്രസിഡന്‍റ് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തത്. ഉന്നത സ്ഥാനം ലഭിക്കാത്തതിൽ അജിത് പവാർ അസ്വസ്ഥനുമായിരുന്നു.