അജ്ഞാതവസ്തു പൊട്ടിത്തെറിച്ച് യുവതിക്കു പരിക്കേറ്റ സംഭവം: അന്വേഷണം ഊർജിതം
Saturday, July 1, 2023 6:55 PM IST
അഞ്ചല്‍: വീടിനു സമീപത്തുകിടന്ന അജ്ഞാത വസ്തു പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു യുവതിക്കു ഗുരുതര പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് ഇതുവരെയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
അതേസമയം സ്ഫോടകവസ്തു പന്നിപ്പടക്കമാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഉഗ്രസ്ഫോടന ശബ്ദമാണു കേട്ടതെന്നു പരിസരവാസികൾ പറയുന്നു. കടയ്ക്കല്‍ കാരക്കാട് സ്വദേശിനി രാജി (35) ക്കാണു പരിക്കേറ്റത്.
കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിനു സമീപം പരിസരം വൃത്തിയാക്കുന്നതിനിടെ കറുത്ത രൂപത്തില്‍ പന്തുപോലെ ഒരു വസ്തു കാണുകയായിരുന്നു.
തുടര്‍ന്ന് കാച്ചില് ആകുമെന്നു കരുതി വെട്ടിനോക്കാന് ശ്രമിക്കവേ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രാജിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
രാജിയുടെ ഇടതു കൈപ്പത്തി പൂർണമായും തകർന്നു. കണ്ണിനു സാരമായ തകരാറ് സംഭവിച്ചിട്ടുണ്ട്. കാലിനും പരിക്കേറ്റിട്ടുണ്ട്. കടയ്ക്കല്‍ പോലീസും അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് അന്വേഷണം തുടരുകയാണ്. കൊല്ലത്തുനിന്ന് ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും എത്തി കൂടുതൽ പരിശോധന നടത്തിയിരുന്നു. സ്ഫോടനം നടന്ന സ്ഥലം വനപ്രദേശമല്ലങ്കിലും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.
പന്നിയെ വേട്ടയാടി പിടിക്കുന്നതിനായി ആരെങ്കിലും പ്രദേശത്ത് പന്നിപ്പടക്കം നിക്ഷേപിച്ചതാകാം എന്നാണു നിഗമനം. ഇവരെ കണ്ടെത്താൻ പോലീസ് ശ്രമം തുടരുകയാണ്. ടിടിസി വിദ്യാർഥിനി കൂടിയായ രാജി രണ്ടു കുട്ടികളുടെ മാതാവാണ്.