ഇ.പി ജയരാജൻ മർദിച്ചെന്ന പരാതി തള്ളിയ പോലീസിനെതിരേ നിയമ പോരാട്ടം: ഫർസീൻ മജീദ്
Saturday, June 10, 2023 3:02 AM IST
മട്ടന്നൂർ: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിനു താനുൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആക്രമിച്ചെന്ന പരാതിയിൽ തെളിവില്ലെന്ന പോലീസ് വിശദീകരണത്തിനെതിരേ നിയമപോരാട്ടം നടത്തുമെന്നു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്.
തങ്ങളെ ഇ.പി. ജയരാജൻ ആക്രമിച്ചെന്നു കാണിച്ച് രണ്ടു തവണ പരാതി നൽകിയിട്ടും പോലീസ് കേസെടുത്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള പോലീസിൽനിന്നും നീതി കിട്ടുമെന്നു പ്രതീക്ഷയില്ല. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരു വർഷമായിട്ടും കുറ്റപത്രം നൽകാൻ എന്തുകൊണ്ടാണു പോലീസിനു സാധിക്കാത്തതെന്നും ഫർസീൻ മജീദ് പറഞ്ഞു.
ഇ.പി. ജയരാജനെതിരായ പരാതിയിൽ കഴമ്പില്ലെന്നു കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാർക്കു നോട്ടീസും നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ എന്നിവർക്കാണു തിരുവനന്തപുരം വലിയതുറ പോലീസ് നോട്ടീസ് നൽകിയത്.
2022 ജൂണിലാണു കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചു മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച തങ്ങളെ ഇ.പി. ജയരാജൻ ആക്രമിച്ചുവെന്നു കാണിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.