ഫ്രഞ്ച് ഓപ്പൺ ഫൈനൽ ഉറപ്പിച്ച് ജോക്കോ; ഗ്ലാൻഡ് സ്ലാം റിക്കാർഡ് തൊട്ടരികിൽ
Friday, June 9, 2023 11:01 PM IST
പാരിസ്: 23-ാം ഗ്രാൻഡ് സ്ലാം കിരീടം നേടി പുരുഷ ടെന്നീസിലെ ഏകഛത്രാധിപതിയാകാനുള്ള നൊവാക് ജോക്കാവിച്ചിന്റെ നീക്കങ്ങൾക്ക് ഒരു പോരാട്ടം കൂടി മാത്രം ബാക്കി. ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ കാർലോസ് അൽക്കാരസിനെ വീഴ്ത്തിയ ജോക്കോ തന്റെ 34-ാം ഗ്രാൻഡ് സ്ലാം ഫൈനലിന് കളമൊരുക്കി.
എടിപി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനായി പോരാട്ടത്തിനെത്തിയ ലോക ടെന്നീസിന്റെ ഭാവി താരത്തിനെ 6-3, 5-7, 6-1, 6-1 എന്ന സ്കോറിനാണ് ജോക്കോ വീഴ്ത്തിയത്.
വാശിയേറിയ പോരാട്ടമാകുമെന്ന് ടെന്നീസ് പ്രേമികൾ പ്രതീക്ഷിച്ച മത്സരം അൽക്കാരസിന്റെ പരിക്ക് മൂലം പതിഞ്ഞ താളത്തിലാണ് നീങ്ങിയത്.
തുല്യത പാലിച്ചുപോന്ന പോരാട്ടത്തിലെ മൂന്നാം സെറ്റിൽ സ്കോർ 1-1 എന്ന നിലയിൽ നിൽക്കെയാണ് കാലിലെ പരിക്ക് മൂലം അൽക്കാരസ് തളർന്നത്. താരത്തിന് പേശീവലിവ് ഏറ്റതാണെന്ന സൂചന ഉയർന്നെങ്കിലും മുമ്പുണ്ടായിരുന്ന കാൽമുട്ട് പരിക്ക് തിരികെയെത്തിയതാവാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ആദ്യ സെറ്റ് തീരാൻ ഏകദേശം ഒരു മണിക്കൂറോളമെടുത്ത മത്സരത്തിൽ പിന്നീട് ജോക്കോയുടെ സമഗ്രാധിപത്യമായിരുന്നു. മത്സരത്തിൽ ആകെ 12 ഗെയിമുകൾ മാത്രമാണ് താരം വിട്ടുകൊടുത്തത്.
കാസ്പർ റൂഡ് - അലക്സാണ്ടർ സ്വരേവ് രണ്ടാം സെമിയിലെ ജേതാവിനെയാകും ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജോക്കോ നേരിടുക.