കേരളത്തിൽ സമഗ്രമായ നഗരവികസന നയം ഉണ്ടാകണമെന്ന് മന്ത്രി എം.ബി. രാജേഷ്
Wednesday, May 17, 2023 7:18 PM IST
തിരുവനന്തപുരം: കേരളത്തിൽ സമഗ്രമായ നഗരവികസന നയം ഉണ്ടാകണം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി എം.ബി. രാജേഷ്. നഗര വികസന നയം ആവിഷ്കരിക്കുന്നതിനായി അർബൻ കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വൈകാതെ അർബൻ കമ്മീഷൻ ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
ലോകത്താകെയുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണ് അർബൻ കമ്മീഷൻ രൂപീകരിക്കുകയെന്നും വിശദമായ ചർച്ചകളിലൂടെ സമഗ്ര നഗര വികസന നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
ലോകബാങ്ക് അടക്കം പത്തോളം ആഗോള ഏജൻസികളും സംഘടനകളും പ്രക്രിയയിൽ പങ്കാളികളാകും. മേഖലയിലെ വിദഗ്ധർക്കൊപ്പം ജനപ്രതിനിധികൾ, ഏജൻസികൾ, നഗര ഭരണത്തിന് നേതൃത്വം നൽകുന്നവർ എന്നിവരുടെ അനുഭവങ്ങളും ആശയങ്ങളും കൂടി ഉൾപ്പെടുത്തിയാകും വികസന നയം രൂപീകരിക്കുക.
കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധി, മാലിന്യ സംസ്കരണം, ഹൗസിംഗ് എന്നീ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നതിന് കേരള അർബൻ ഡയലോഗ് സീരിയസ് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.