മാലിന്യ സംസ്കരണം: ജാപ്പനീസ് സംഘവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി രാജേഷ്
Wednesday, April 26, 2023 10:25 PM IST
തിരുവനന്തപുരം: മാലിന്യ സംസ്കരണ രംഗത്തെ നവീന സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ജാപ്പനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലാകെയും കൊച്ചി നഗരത്തിലും നടപ്പിലാക്കാനാകുന്ന വിവിധ പദ്ധതികളെക്കുറിച്ചായിരുന്നു ചർച്ച. ജൈവ-അജൈവമാലിന്യത്തെ എങ്ങനെ വ്യാവസായിക ആവശ്യങ്ങൾക്ക് ഗുണപരമായി ഉപയോഗിക്കാമെന്ന മാതൃകകളും സംഘം മന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു.
കേരളത്തിന്റെ വിപുലീകൃതമായ മാലിന്യ ശേഖരണ സംവിധാനവും ഹരിതകർമ്മ സേനയുടെ പ്രവർത്തനവും മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു.
ജപ്പാനിലെ മാലിന്യ സംസ്കരണ രംഗത്തെ പ്രമുഖ ഗവേഷകനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയേൺമെന്റ് സ്റ്റഡീസിലെ സിസ്റ്റം ഇന്നവേഷൻ തലവനുമായ പ്രഫ. മിനോറു ഫുജി, സോഷ്യൽ സർവീസ് ഡിവിഷൻ ഗവേഷകൻ ഡോ. സീയ മാകി, ജപ്പാൻ റിമോട്ട് സെൻസിംഗ് ടെക്നോളജി സെന്റർ സീനിയർ എക്സ്പർട്ട് ഡോ. റെമി ചന്ദ്രൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.