വിചാരധാര എഴുതിയത് നാൽപതിലും അൻപതിലും പറഞ്ഞ കാര്യങ്ങൾ: റിയാസിന് മറുപടിയുമായി ബിജെപി
Monday, April 10, 2023 7:48 PM IST
തിരുവനന്തപുരം: വിചാരധാരയെ അടിസ്ഥാനമാക്കിയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിനു മറുപടിയുമായി ബിജെപി. വിചാരധാര എഴുതിയത് നാൽപതിലും അൻപതിലും പറഞ്ഞ കാര്യങ്ങളെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഇപ്പോൾ ആ പറഞ്ഞതിന് പ്രസക്തിയില്ല. വിചാരധാര റിയാസ് കെട്ടിപിട്ടിച്ച് നടക്കട്ടെയെന്നും രമേശ് പറഞ്ഞു.
ആർഎസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാര ധാരയെ തള്ളിപ്പറയാൻ സംഘപരിവാർ തയാറുണ്ടോ എന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ചോദ്യം. ഈസ്റ്റർ ദിനത്തിലെ ബിജെപി നേതാക്കളുടെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
വീടുകൾ സന്ദർശിക്കുന്ന ബിജെപി നേതാക്കൾക്ക് വിചാരധാര വായിച്ചുകൊണ്ടാണ് വീട്ടുകാർ മറുപടി നൽകുന്നത്. വിചാരധാര പ്രകാരം ഇന്ത്യയുടെ പ്രധാന ശത്രുക്കളിൽ ഒന്ന് മിഷനറിമാരും ക്രിസ്ത്യാനികളും ആണ്. ആ വിചാരധാരയെ തള്ളിപ്പറയാൻ കേരളത്തിലെയും രാജ്യത്താകെയുമുള്ള ബിജെപി നേതാക്കൾ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
മിഷനറി പ്രവർത്തകൻ ആയിരുന്ന ഗ്രഹാം സ്റ്റെയിനിനെയും കുടുംബത്തെയും ചുട്ടുകൊന്നതിനെ ഇപ്പോഴും ന്യായീകരിക്കുന്നവരാണ് ഇന്ത്യയിലെ ബിജെപി നേതാക്കൾ. അത് ബിജെപി നേതാക്കളോട് നേരിട്ട് ചോദിയ്ക്കാൻ ഉള്ള നല്ല അവസരമായാണ് അവരുടെ വീട് സന്ദർശനത്തെ ക്രിസ്ത്യൻ സമുദായത്തിൽപെട്ടവർ കാണുന്നത്.
ക്രിസ്ത്യാനികൾക്കുനേരെ സംഘപരിവാർ നടത്തിയ നിരവധി ആക്രമണങ്ങൾ നമ്മുടെ മുന്നിലുണ്ട്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ 2022ലെ കണക്കു പ്രകാരം 598 ആക്രമണങ്ങളാണ് ഇന്ത്യയിൽ വിചാരധാരയെ അടിസ്ഥാനമാക്കി ആർഎസ്എസ് നടത്തിയതെന്നും റിയാസ് പറഞ്ഞിരുന്നു.