ട്രെയിനിലെ തീവയ്പ്: പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു
Thursday, April 6, 2023 11:02 AM IST
കോഴിക്കോട്: എലത്തുർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷഹീൻബാഗ് സ്വദേശിയാ ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിവിധ അന്വേഷണ ഏജന്‍സികളും പ്രതിയെ ചോദ്യം ചെയ്യും.
അതിനിടെ, പ്രതിയുമായി വന്ന വാഹനം പുലര്‍ച്ചെ മൂന്നരയോടെ കണ്ണൂര്‍ മേലൂരില്‍ വച്ച് പഞ്ചറായി. കേരള കര്‍ണാടക അതിര്‍ത്തിയില്‍ വച്ച് മാറികയറിയ കാറാണ് പഞ്ചറായത്. മൂന്നുപൊലീസുകാരും സെയ്ഫിയും റോഡില്‍ കിടന്നത് ഒന്നര മണിക്കൂറോളം. പിന്നീട് സ്വകാര്യവാഹനത്തിലാണ് പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
പ്രതിക്ക് മാനസികമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായതോടെ തീവ്രവാദസംശയമുള്പ്പെടെ ബലപ്പെടുകയാണ്. വിശദമായി ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചതായും എന്നാല്‍ മുഖത്തേറ്റ തീപ്പൊള്ളല്‍ മൂലം കൂടുതല്‍ ചോദ്യം ചെയ്തിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര എടിഎസിന്റെ നേതൃത്വത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മുഖത്തും കൈക്കും കാലിനും പൊള്ളലേറ്റ ഷാറൂഖ് രത്നഗിരി ആശുപത്രിയില്‍ ചികിത്സ തേടി എത്തുകയായിരുന്നു. ഇവിടെനിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ ആര്‍പിഎഫിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
സംയുക്ത ഓപ്പറേഷനിലാണ് പ്രതി വലയിലായതെന്ന് മഹാരാഷ്ട്ര എടിഎസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, കൊടാക് ബാങ്ക് എടിഎം കാർഡ് എന്നിവ കൈയിലുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.