ചരിത്രം കുറിച്ച് കർണാടക; സന്തോഷ് ട്രോഫിയിൽ "കന്നിക്കിരീടം'
Sunday, March 5, 2023 11:07 AM IST
റിയാദ്: മൈസൂരു എന്ന പേരിൽ നിന്ന് കൂടുമാറിയതിന് ശേഷം അഞ്ച് പതിറ്റാണ്ടായി അനുഭവിച്ചിരുന്ന ട്രോഫി വരൾച്ചയക്ക് അന്ത്യം കുറിച്ച് കർണാടക. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേഘാലയയെ 3-2 എന്ന സ്കോറിന് തോൽപ്പിച്ചാണ് 1968-ന് ശേഷമുള്ള ആദ്യ സന്തോഷ് ട്രോഫി കിരീടം ടീം സ്വന്തമാക്കിയത്.
1946-47, 1952-53, 1967-68, 1968-69 സീസണുകളിൽ ട്രോഫി നേടിയ കന്നഡ പടയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടം ആണിത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ സുനിൽ കുമാറിന്റെ കിടിലൻ ആംഗുലർ ഷോട്ടിലൂടെ കർണാടക ലീഡെടുത്ത് തങ്ങളുടെ നയം വ്യക്തമാക്കി. എട്ടാം മിനിറ്റിൽ സ്റ്റീൻ സ്റ്റീവൻസണെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കർണാടകയ്ക്കെതിരെ റഫറി ഫൗൾ വിളിച്ചു. കിക്കെടുത്ത ബ്രോലിംഗ്ടൺ വാർലാപിക്ക് പിഴച്ചില്ല.
19-ാം മിനിറ്റിൽ സുനിൽ കുമാർ നേടിയ രണ്ടാം ഗോളിന്റെ ആവേശത്തിൽ പൊരുതിയ കർണാടക ആദ്യ പകുതിക്ക് പിരിയുന്നതിന് മുമ്പ് മൂന്നാം ഗോളും നേടി. കിടിലൻ ഫ്രീകിക്കിലൂടെ റോബിൻ യാദവ് ആണ് ലീഡുയർത്തിയത്.
60-ാം മിനിറ്റിൽ സ്റ്റീവൻസൺ മേഘാലയയുടെ ഗോൾകടം കുറച്ചു. തുടർന്ന് സമനില ഗോളിനായി മേഘാലയ നിരന്തരം പൊരുതിയെങ്കിലും നീക്കങ്ങൾ ഫലവത്തായില്ല. പരുക്കൻ കളിയിലൂടെ ഇരുടീമുകളും നിറഞ്ഞതോടെ ഗോൾ അവസരങ്ങൾ കുറഞ്ഞ അവസ്ഥയിലാണ് മത്സരം അവസാനിച്ചത്.
അധിക സമയത്തിന്റെ നാലാം മിനിറ്റിൽ കർണാടക ഗോളിയുടെ തലയ്ക്ക് മുകളിലൂടെ തൊടുത്ത ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചതോടെ മേഘാലയയ്ക്ക് മോഹഭംഗം.
54 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കിരീടം കർണാടക ഫുട്ബോളിന് പുത്തനുണർവ് സമ്മാനിക്കും. ഇന്ത്യൻ ഫുട്ബോളിലെ താരഫാക്ടറിയായ മേഘാലയ ദേശീയ സീനിയർ പുരുഷ ടൂർണമെന്റ് കിരീടം നേടുന്ന കാലം വിദൂരമല്ല എന്നാണ് കളിക്കളത്തിലെ പോരാട്ടം വ്യക്തമാക്കുന്നത്.
നേരത്തെ, സർവീസസിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി പഞ്ചാബ് ടൂർണമെന്റിലെ മൂന്നാം സ്ഥാനം നേടിയിരുന്നു. ഷഫീൽ പി.പി., ക്രിസ്റ്റഫർ കാമെയ് എന്നിവരാണ് ഗോൾസ്കോറർമാർ.