വീസ കാൻസൽഡ്! കേരളം പുറത്ത്
Sunday, February 19, 2023 11:05 PM IST
ഭുവനേശ്വർ: നിലവിലെ ചാമ്പ്യന്മാരെന്ന ഗമയിൽ പ്രീമ്രിയം സീറ്റുമായി സൗദി അറേബ്യയിലെ സന്തോഷ് ട്രോഫി ഫൈനൽ വേദിയിലേക്ക് കുതിക്കാമെന്ന് കരുതിയ കേരളത്തിന് പഞ്ചാബ് വക നോ ഫ്ലൈ നോട്ടീസ്. പഞ്ചാബിനെതിരെ വഴങ്ങിയ 1 -1 സമനിലയോടെ ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായി കേരളത്തിന്റെ പോരാട്ടം അവസാനിച്ചു.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രം ഫൈനലിലേക്ക് പ്രവേശനം ലഭിക്കുന്നതിനാൽ ഇന്ന് കേരളത്തിന് ജയം അനിവാര്യമായിരുന്നു. ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിനെ നേർക്കുനേർ പോരാട്ടത്തിൽ മറികടന്നാൽ കേരളത്തിന് സൗദി മോഹം ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു.
എന്നാൽ പഞ്ചാബ് സമനില പിടിക്കുകയും ആദ്യ മത്സരത്തിൽ കേരളത്തെ പരാജയപ്പെടുത്തിയ കർണാടക അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒഡീഷയോട് സമനില പോയിന്റ് നേടുകയും ചെയ്തതോടെ കേരളത്തിന് മോഹഭംഗം.
പഞ്ചാബിനെതിരെ ലീഡ് നേടിയിട്ടാണ് കേരളം സമനില വഴങ്ങിയത്. 24-ാം മിനിറ്റിൽ അബ്ദുൾ റഹീം നൽകിയ പാസ് പെനൽറ്റി ബോക്സിന്റെ വലത്പാർശ്വത്തിൽ സ്വീകരിച്ച വിശാഖ് മോഹനൻ, പ്രതിരോധ താരം ഗുർതേജിനെ വെട്ടിയൊഴിഞ്ഞ് പന്ത് ഷൂട്ട് ചെയ്തു. മറ്റൊരു പ്രതിരോധ താരം കാഴ്ച മറച്ചതിനാൽ ഷോട്ട് എത്തിയ ഇടതുഭാഗത്തേക്ക് കുതിക്കാൻ പഞ്ചാബ് ഗോളി ഹർപ്രീത് സിംഗ് ഞൊടിയിടെ വൈകി. ഇതോടെ പന്ത് സിംഗിനെ മറികടന്ന് വലകുലുക്കി.
34-ാം മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ പിഴവിന് വലിയ വിലയാണ് നൽകേണ്ടി വന്നത്. ഓഫ് സൈഡിൽ നിന്ന് സമർഥമായി വെട്ടിയൊഴിഞ്ഞ കമൽപ്രീത് സിംഗ് പന്ത് രോഹിത് ഷെയ്ഖിന് മറിച്ചുനൽകി. ഷെയ്ഖിന്റെ മികച്ച ഫിനിഷിൽ കേരളം സമനില വഴങ്ങി.
87-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടിന് ലഭിച്ച സുവർണാവസരമടക്കം നിരവധി ഗോൾ ശ്രമങ്ങൾ കേരളം നടത്തിയെങ്കിലും സ്കോർലൈനിൽ മാറ്റമുണ്ടായില്ല.
ഗ്രൂപ്പ് എയിൽ നിന്ന് പഞ്ചാബ്, കർണാടക എന്നിവർ ഫൈനിന് യോഗ്യത നേടിയപ്പോൾ ഗ്രൂപ്പ് ബിയിൽ നിന്ന് യോഗ്യത നേടുന്ന ടീമുകളെ നാളെ അറിയാം. 10 പോയിന്റുമായി സർവീസസ് ഒന്നാം സ്ഥാനത്ത് തുടരുന്ന ഗ്രൂപ്പിൽ മേഘാലയ, റെയിൽവേസ് എന്നിവർ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തിനായി പൊരുതുകയാണ്. സർവീസസ് റെയിൽവേസിനെയും മേഘാലയ ബംഗാളിനെയുമാണ് അവസാന മത്സരത്തിൽ നേരിടുക. ബംഗാൾ ടൂർണമെന്റിൽ നിന്ന് നേരത്തെതന്നെ പുറത്തായിരുന്നു.