അത്ര സന്തോഷമില്ല; സമനില വഴങ്ങി കേരളം
Tuesday, February 14, 2023 11:46 PM IST
ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫൂട്ബോളിൽ കേരളത്തിന് നിരാശ. ചാമ്പ്യൻ പട്ടം നിലനിർത്താനായി സൗദി അറേബ്യയിലേക്ക് പറക്കാമെന്ന ടീമിന്റെ ആഗ്രഹത്തെ മഹാരാഷ്ട്ര സമനില പൂട്ടിട്ട് തളച്ചു. 4 -4 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.
പ്ലേ ഓഫിനായി എല്ലാ മത്സരങ്ങളും ജയിക്കണമെന്ന സാഹചര്യം നിലനിന്നിരുന്ന കേരളത്തിന്റെ ടൂർണമെന്റ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച മട്ടാണ്.
ആദ്യ പകുതിയിൽ 1 -4 എന്ന നിലയിൽ പിന്നിൽ നിന്ന ശേഷമാണ് കേരളം സമനില പിടിച്ചത്. 16-ാം മിനിറ്റിൽ സൂഫിയാനിലൂടെയാണ് മഹാരാഷ്ട്ര ലീഡെടുത്തത്. മൂന്ന് മിനിറ്റിനുള്ളിൽ, ഏകോപനമില്ലാത്ത പ്രതിരോധ നിരയും ഗോളിയും പകച്ചുനിന്ന വേളയിൽ, ആദ്യ ഗോളിന് സമാനമായൊരു ത്രൂ പാസ് സ്വീകരിച്ച് ഹിമാൻഷു ലീഡുയർത്തി.
33-ാം മിനിറ്റിൽ സുമിത് കർവിംഗ് ഷോട്ടിലൂടെ മഹാരാഷ്ട്രയുടെ മൂന്നാം ഗോൾ നേടി. 36-ാം മിനിറ്റിൽ വിശാഖ് മോഹനൻ കേരളത്തിനായി ഗോൾ മടക്കി. അഞ്ച് മിനിറ്റിനുള്ളിൽ സൂഫിയാൻ തന്റെ രണ്ടാം ഗോളിലൂടെ ടീമിനെ 4 -1 എന്ന നിലയിലെത്തിച്ചു.
സ്പോട്ട് കിക്കിലൂടെ നിജോ ഗിൽബെർട്ടും(65') മിഡ് റേഞ്ച് ഷോട്ടിലൂടെ വി. അർജുനും(70') ഗോളുകൾ മടക്കി. പെട്ടെന്നെടുത്ത ത്രോയിലൂടെ ജിജോ ജോസഫ് നേടിയ ഗോൾ അനുവദിക്കാൻ 15 മിനിറ്റിന്റെ വാദപ്രതിവാദം വേണ്ടിവന്നു. ത്രോ എടുക്കുമ്പോൾ മഹാരാഷ്ട്ര താരങ്ങൾ വാട്ടർ ബ്രേക്ക് എടുക്കുകയായിരുന്നുവെന്ന വാദത്തെചൊല്ലിയാണ് തർക്കം നടന്നത്.
തുടർന്ന് രണ്ടാം പകുതിക്ക് 15 മിനിറ്റ് അധികസമയം അനുവദിച്ചെങ്കിലും സ്കോർ ലൈനിൽ മാറ്റമുണ്ടായില്ല. അനുവദിക്കപ്പെട്ട അധികസമയത്തിന് രണ്ട് മിനിറ്റ് മുന്പ് തന്നെ റഫറി ഫൈനൽ വിസിൽ മുഴക്കിയെന്ന ആരോപണവും വിവാദ തീരുമാനങ്ങൾ നിറഞ്ഞ മത്സരത്തിന്റെ ഒടുവിൽ ഉയർന്നു.
ഒഡീഷ, പഞ്ചാബ് എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിൽ മികച്ച വിജയം നേടുകയും മറ്റ് ടീമുകളുടെ മത്സരഫലം അനുകൂലമായ രീതിയിൽ വരികയും ചെയ്താൽ കേരളത്തിന് പ്ലേ ഓഫിൽ എത്താം. നിലവിൽ നാല് പോയിന്റുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് കേരളം.