മംഗളൂരു വിമാനദുരന്തം: നിയമപോരാട്ടം തുടരുമെന്ന് മരണപ്പെട്ടവരുടെ കുടുംബാഗംങ്ങള്‍
Sunday, December 11, 2022 12:52 PM IST
കാസര്‍ഗോഡ്: മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മരണപ്പെട്ടവരുടെ കുടുംബാഗംങ്ങള്‍. കന്പനി സ്വകാര്യവത്കരിച്ചു എന്ന പുതിയ സാങ്കേതികകാരണം പറഞ്ഞാണ് ഇപ്പോള്‍ മരിച്ചവരുടെ ആശ്രിതര്‍ കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ച റിട്ട് ഹർജി തള്ളുന്നതിനുവേണ്ടി എയര്‍ ഇന്ത്യ അധികൃതര്‍ ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു.
ലോകത്തെവിടെവച്ചും അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് അപകടം സംഭവിച്ചാല്‍ മരിച്ചവര്‍ക്കും പരിക്കേറ്റവർക്കും അന്താരാഷ്ട്ര നിയമത്തിനനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന മോണ്ട്രിയല് കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പിട്ടതാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ കാര്യേജ് ബൈ എയര്‍ ആക്ടില്‍ ഇത് ഉള്‍പ്പെടുത്തിയതുമാണ്. എന്നാല്‍ മംഗളൂരു വിമാനദുരന്തത്തില്‍ മോണ്ട്രിയല് കണ്വന്ഷന് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയാണ് എയര്‍ ഇന്ത്യ നഷ്ടപരിഹാരം കണക്കാക്കിയത്.
മരിച്ചവരുടെ അനന്തരാവകാശികള്‍ നിയമപ്രകാരം അവകാശപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേരള ഹൈക്കോടതി മുമ്പാകെ 45 കേസുകളും സുപ്രീം കോടതി മുമ്പാകെ സിവില്‍ അപ്പീലും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആശ്രിതര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നു കൈപ്പറ്റിയതിനുശേഷം അത് ആശ്രിതര്‍ക്ക് നല്‍കാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് അനീതി കാണിക്കുകയാണ്. ഇതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനെ സ്വകാര്യവത്കരിച്ചതിനാല് ഹൈക്കോടതി മുമ്പാകെ നിലവിലുള്ള മുഴുവന്‍ ഹര്‍ജികളും തള്ളണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി നല്‍കിയിരിക്കുന്നത്.
2010 മേയ് 22 നാണ് ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്ന വേളയില്‍ കത്തിയമര്‍ന്നത്. 158 യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 52 പേര് മലയാളികളായിരുന്നു.