മഹേശന്റെ മരണം: കേസിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളെന്ന് വെള്ളാപ്പള്ളി
Thursday, December 1, 2022 12:29 PM IST
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യോഗം സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തിൽ തന്നെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളെന്ന് ആരോപിച്ച് വെള്ളാപ്പള്ളി നടേശൻ.
ഉടൻ നടക്കാനിരിക്കുന്ന എസ്എൻഡിപി തെരഞ്ഞെടുപ്പിൽ നിന്ന് തന്നെയും മകൻ തുഷാറിനെയും ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് പറഞ്ഞ നടേശൻ, സംഘടനയെ തകർക്കാനുള്ള ശ്രമമാണ് ഇതെന്ന് ആരോപിച്ചു.
മഹേശന്റെ മരണം അറിഞ്ഞയുടൻ കേസിൽ സിബിഐ അന്വേഷണം താൻ ആവശ്യപ്പെട്ടിരുന്നുവെന്നും ആത്മഹത്യയെന്ന് തെളിഞ്ഞ കേസിൽ വീണ്ടും ഹർജി നൽകിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കൂട്ടിച്ചേർത്തു.
"മഹേശന് നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ വെളിച്ചത് വന്നതോടെയാണ് അദേഹം ജീവനൊടുക്കിയത്. കണിച്ചുകുളങ്ങരയിലെ ജനങ്ങളെ വഞ്ചിച്ച മഹേശൻ, സ്കൂളിലെ അധ്യാപക നിയമനത്തിനായി കോഴ വാങ്ങിയ കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ്. മഹേശൻ ആരാണെന്ന് ജനങ്ങൾക്ക് അറിയാം; യോഗത്തിന്റെ യൂണിറ്റുകളിൽ ചെന്ന് ആത്മഹത്യാവിരുദ്ധ ക്ലാസ് എടുക്കുന്ന മഹേശൻ എന്തിന് ആത്മഹത് ചെയ്തുവെന്ന് അന്വേഷിക്കണം'- നടേശൻ വ്യക്തമാക്കി.
മഹേശനെ വളർത്തിയതും സംഘടനയിൽ സ്ഥാനങ്ങൾ നൽകിയതും താനാണെന്ന് അവകാശപ്പെട്ട നടേശൻ, അദേഹത്തിന് ഉയർന്ന നിലവാരത്തിലുള്ള ഭൗതിക സാഹചര്യങ്ങളും സാമ്പത്തികവളർച്ചയും എങ്ങനെയുണ്ടായെന്ന് ഏവരും അറിയണമെന്നും പറഞ്ഞു.
ദൈവവിശ്വാസിയായ തനിക്ക് കേസ് സംബന്ധിച്ച് ആശങ്കയില്ലെന്നും 26 വർഷമായി യോഗത്തെ നയിക്കുന്നതിനിടെ പല ആരോപണങ്ങളും ഇതുപോലെ ഉയർന്ന് വന്നിട്ടുണ്ടെന്നും അദേഹം പറഞ്ഞു.