ലോകകപ്പിനേക്കാൾ പ്രധാന്യം ബുംറയുടെ കരിയറിന്: രോഹിത്
Saturday, October 15, 2022 7:21 PM IST
മെൽബൺ: ലോകകപ്പിനേക്കാൾ പ്രധാന്യം ജസ്പ്രീത് ബുംറയുടെ കരിയറിനാണെന്നും അതുകൊണ്ടാണ് താരത്തെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതെന്നും നായകൻ രോഹിത് ശർമ. ലോകകപ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് ക്യാപ്റ്റൻ ഇക്കാര്യം പറഞ്ഞത്.
കടുത്ത പുറംവേദന അലട്ടുന്ന ബുംറയ്ക്ക് ആറാഴ്ചയെങ്കിലും കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരും. മെഡിക്കൽ വിദഗ്ധരുമായി ബുംറയുടെ പരിക്കിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും തുടർന്നാണ് ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതെന്നും നായകൻ വ്യക്തമാക്കി.
പാക്കിസ്ഥാനെതിരായ മത്സരം ടീമിന് സമ്മർദ്ദമൊന്നും ഉണ്ടാക്കുന്നില്ല. മറ്റേത് മത്സരത്തിന്റെ പ്രാധാന്യം മാത്രമാണ് അതിനുള്ളത്. മറിച്ചുള്ള കാര്യങ്ങളെല്ലാം വാർത്താസൃഷ്ടിയാണെന്നും രോഹിത് പറഞ്ഞു.
ഞായറാഴ്ചയാണ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ തുടങ്ങുന്നത്. ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, നമീബിയ, സ്കോട്ലൻഡ്, സിംബാബ്വെ, യുഎഇ, നെതർലൻഡ്സ്, അയർലൻഡ് എന്നീ ടീമുകളാണ് പ്രാഥമിക റൗണ്ടിൽ മത്സരിക്കുന്നത്. ഇതിൽ നിന്നും നാല് ടീമുകൾക്ക് സൂപ്പർ പന്ത്രണ്ടിലേക്ക് പ്രവേശനം ലഭിക്കും.
22ന് ന്യൂസിലൻഡ്-ഓസ്ട്രേലിയ പോരാട്ടത്തോടെയാണ് സൂപ്പർ പന്ത്രണ്ട് ആരംഭിക്കുക. 23ന് മെൽബണിലാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം.