കളത്തിലും ലേലത്തിലും കമാലിനി തരംഗം...
Monday, December 16, 2024 1:59 AM IST
മുംബൈ: 2025 വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിനുള്ള മിനി താര ലേലത്തിൽ ശ്രദ്ധിക്കപ്പെട്ട തമിഴ്നാടിന്റെ പതിനാറുകാരി ജി. കമാലിനി.
1.60 കോടി രൂപയ്ക്കാണ് കമാലിനിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. പ്രഥമ എസിസി വനിതാ അണ്ടർ 19 ഏഷ്യ കപ്പിൽ കമാലിനിയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയതിനു പിന്നാലെയായിരുന്നു ലേലം. 29 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിന്ന കമാലിനിയായിരുന്നു പ്ലെയർ ഓഫ് ദ മാച്ചു. കളത്തിലും ലേലത്തിലും ഒന്നുപോലെ കമാലിനി ഇന്നലെ താരമായി. 10 ലക്ഷം രൂപ മാത്രമായിരുന്നു കമാലിനിയുടെ അടിസ്ഥാന വില.
സിമ്രാൻ, ഡോട്ടിൻ
2025 മിനി ലേലത്തിൽ ഏറ്റവും വിലയേറിയ താരങ്ങളായത് ഇന്ത്യയുടെ സിമ്രാൻ ഷെയ്ഖും വെസ്റ്റ് ഇൻഡീസിന്റെ ഡിയേന്ദ്ര ഡോട്ടിനും. 1.90 കോടി രൂപയ്ക്കാണ് സിമ്രാനെ ഗുജറാത്ത് ജയ്ന്റ്സ് സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു സിമ്രാന്റെ അടിസ്ഥാന വില. 1.70 കോടി രൂപ മുടക്കി ഡോട്ടിനെയും ഗുജറാത്ത് തട്ടകത്തിലെത്തിച്ചു.
ഓൾറൗണ്ടർ പ്രേമ റാവത്തിനെ നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 1.20 കോടി രൂപയ്ക്കു സ്വന്തമാക്കി. ഒരു കോടി രൂപയ്ക്കു മുകളിൽ ലേലം ലഭിച്ചത് ഈ നാലു കളിക്കാർക്കായിരുന്നു.