മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുന്‍നിര താരങ്ങളുടെ മുന്നേറ്റം തുടരുന്നു. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ, മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, സ്റ്റാനിസ്ലാസ് വാവ്റിങ്ക തുടങ്ങിയവര്‍ പ്രീക്വാര്‍ട്ടറില്‍. 2002നു ശേഷം രണ്ടു ബ്രിട്ടീഷ് താരങ്ങള്‍ പ്രീക്വാര്‍ട്ടറിലെത്തിയ പ്രത്യേകത ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണുണ്ട്. അമേരിക്കയുടെ സാം കെറിയെ (6-4, 6-2, 6-4) നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി മുറെ നാലാം റൗണ്ടിലെത്തിയപ്പോള്‍ ഡാന്‍ ഇവാന്‍സ് അവസാന 16 പേരില്‍ എത്തിയത് ഓസ്ട്രേലിയയുടെ ബര്‍ണാഡ് ടമിക്കിനെ (6-3, 7-6, 7-6) പരാജയപ്പെടുത്തിയാണ്. ടിം ഹെന്മാനും ഗ്രെഗ് റുഡെസ്കിയുമാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ ഒന്നിച്ചു കടന്ന ബ്രിട്ടീഷുകാര്‍.
12-ാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയാണ് ഇവാന്‍സിന്റെ അടുത്ത എതിരാളി. ജര്‍മനിയുടെ കൗമാര താരം മിസ്ച സ്വരേവാണ് മുറെയുടെ എതിരാളി. പരിക്കിനു ശേഷം കളത്തിലെത്തിയ ഫെഡറര്‍ മികച്ച ഫോമിലേക്കുയര്‍ന്നു എന്നു തെളിയിക്കുന്ന പ്രകടനമാണ് മൂന്നാം റൗണ്ടില്‍ പുറത്തെടുത്തത്. 10-ാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തകര്‍ത്തത്. സ്കോര്‍: 6-2, 6-4, 6-4. ലോക അഞ്ചാം നമ്പര്‍ താരം കീ നിഷികോറിയാണ് ഫെഡററുടെ അടുത്ത എതിരാളി. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്ക ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് ക്രൊയേഷ്യയുടെ ട്രോയ്കിയെ പരാജയപ്പെടുത്തി. 3-6, 6-2, 6-2, 7-6. ഇറ്റലിയുടെ ആന്ദ്രെയാസ് സെപ്പിയും പ്രീക്വാര്‍ട്ടറിലെത്തി.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ അനായാസ ജയത്തോടെ അവസാന 16ലെത്തി. ചെക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പ്ലിഷ്കോവയെയാണ് കെര്‍ബര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-0, 6-4. കാനഡയുടെ യൂജിനി ബൂഷറിനെ പരാജയപ്പെടുത്തിയ അമേരിക്കയുടെ കോകോ വെന്ഡെവീഗെയാണ് കെര്‍ബറുടെ അടുത്ത എതിരാളി. അമേരിക്കയുടെ വീനസ് വില്യംസ്, സ്പെയിനിന്റെ ഗാര്‍ബിനെ മുഗുരുസ, അനസ്താസ്യ പാവ്ലുചെങ്കോ, സ്വെറ്റ്ലാന കുസ്നെറ്റ്സോവ, തുടങ്ങിയവരും പ്രീക്വാര്‍ട്ടറിലെത്തി.
സാനിയ സഖ്യം മുന്നോട്ട്, ബൊപ്പണ്ണ വീണു
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ - ബാര്‍ബോറ സ്ട്രിക്കോവ സഖ്യം വനിതാ ഡബിള്‍സില്‍ മൂന്നാം റൗണ്ടില്‍ കടന്നപ്പോള്‍ പുരുഷ ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ- കുവെവാസ് സഖ്യം വീണു. നാലാം സീഡായ സാനിയ മിര്‍സയും ചെക് പാട്ണര്‍ ബാര്‍ബോറ സ്ട്രിക്കോവയും ഓസീസ് താരം സാമന്ത സ്റ്റോസര്‍ ചൈനീസ് താരം ഷുവെയ് സാങ് സഖ്യത്തെയാണ് കീഴ്പ്പെടുത്തിയത്. സ്കോര്‍ 6-1, 6-4. മൂന്നാം റൗണ്ടില്‍ ജാപ്പനീസ് സഖ്യം എറി ഹോസൂമി - മിയൂ കാറ്റോ എന്നിവരെ നേരിടും.
സീഡ് ചെയ്യപ്പെടാത്ത ഓസ്ട്രേലിയന്‍ സഖ്യമായ അലക്സ് ബോള്‍ട്ട് - ബ്രാഡ്ലി മൗസ്ലി കൂട്ടുക്കെട്ടിനോടാണ് ബൊപ്പണ്ണയും പുതിയ കൂട്ടാളി ഉറുഗ്വെന്‍ കാരം പാബ്ലോ കുവെവാസും തോല്‍വി സമ്മതിച്ചത്.
15-ാം സീഡായ ബൊപ്പണ്ണ - കുവെവാസ് സഖ്യം മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-2, 6-7,4-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. മറ്റ് ഇന്ത്യന്‍ പ്രതീക്ഷകളായ ലിയാന്‍ഡര്‍ പെയ്സും ബ്രസീല്‍ കൂട്ടാളി ആന്ദ്രെ സായും, ഇന്ത്യന്‍ കൂട്ടുകെട്ടായ പൂരവ് രാജ ദിവിജ് ശരണ്‍ സറ്യവും ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു. കളിയുടെ നിര്‍ണായക സമയത്ത് ചെയര്‍ അമ്പയറുടെ തെറ്റായ തീരുമാനമാണ് പരാജയത്തിനു കാരണമെന്ന് ബൊപ്പണ്ണ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.