ബ്രസീൽ പ്രതിരോധ ഇതിഹാസം കാർലോസ് ആൽബർട്ടോ വിടവാങ്ങി
ബ്രസീൽ പ്രതിരോധ ഇതിഹാസം കാർലോസ് ആൽബർട്ടോ വിടവാങ്ങി
Tuesday, October 25, 2016 12:02 PM IST
റിയോ ഡി ഷാനേറോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം കാർലോസ് ആൽബർട്ടോ ടോറസ് (72) വിടവാങ്ങി. ഹൃദയസ്തംഭനത്തെ തുടർന്നു റിയോ ഡി ഷാനേറോയിലായിരുന്നു അന്ത്യം. ലോകത്തിലെ മികച്ച താരങ്ങളിലൊരാളായി കരുതപ്പെട്ടിരുന്ന ടോറസ് ബ്രസിലിനായി 53 കളികളിൽ ബൂട്ടണിഞ്ഞു. പ്രതിരോധനിരയിലെ ശക്‌തമായ സാന്നിധ്യത്തിനൊപ്പം എട്ട് ഗോളുകളും രാജ്യത്തിനായി അദ്ദേഹം നേടിയിരുന്നു. ബ്രസീലിനെ 1970 ലോകകപ്പ് വിജയത്തിലേക്കു നയിച്ചാണ് ആൽബർട്ടോ കാർലോസ് ചരിത്രത്താളുകളിൽ തന്റെ നാമം എഴുതിച്ചേർത്തത്.

ഫൈനലിൽ ഇറ്റലിക്കെതിരേ ഒന്നിനെതിരേ നാലു ഗോളുകൾക്ക് ജയിച്ച കളിയിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളിലൂടെയാണ് ടോറസ് ബ്രസീലിനെ മുന്നിൽ നിന്നു നയിച്ചത്. പെലെ, പൗലോ സെസാർ, ഡാരിയോ തുടങ്ങിയ മഹാസംഘത്തെ ഒരു ഇരുപത്തഞ്ചുകാരന്റെ സമർദമേതുമില്ലാതെ നയിച്ചു. 1964ൽ ആരംഭിച്ച്, 13 വർഷം മാത്രം നീണ്ട രാജ്യാന്തര കരിയറിൽ തന്റെ സ്വതസിദ്ധമായ ടാക്ലിങ് ശൈലികൊണ്ടാണ് ആൽബർട്ടോ ശ്രദ്ധേയനാകുന്നത്.

19–ാം വയസിൽ ബ്രസീൽ ക്ലബ്ബായ ഫ്ളുമിനെസിൽ എത്തിയ ആൽബർട്ടോ, 1966ൽ സാന്റോസിലേക്കു ചേക്കേറി. അസാധ്യമായ ടാക്ലിങ്ങുകൾക്കു പുറമേ പന്തടക്കത്തിലും ഡ്രിബ്ലിംഗിലും കളിയൊരുക്കുന്നതിലും കാണിച്ച മികവാണ് പെലെയുടെ സാന്റോസിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.



സാന്റോസിൽ 445 മത്സരങ്ങൾ കളിച്ച അദ്ദേഹം 40 ഗോളുകളും സ്വന്തമാക്കി. സാന്റോസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്നാണ് ആൽബർട്ടോയെ ക്ലബ് വിശേഷിപ്പിച്ചത്. 1974ൽ തന്റെ ആദ്യ ടീമായ ഫ്ളുമിനെസിലേക്കു തിരിച്ചെത്തി ക്ലബ്ബിനെ രണ്ടു വട്ടം ലീഗ് കിരീടത്തിലേക്കു നയിച്ചു. എന്നാൽ, 1977ൽ ഫ്ളുമിനെസിന്റെ ചിരവൈരികളായ ഫ്ളെമെംഗോയിലേക്ക് ആൽബർട്ടോ ചുവടുമാറി.

ബ്രസീലിൽ മികച്ച ഫോമിൽ നിൽക്കുമ്പോൾത്തന്നെ പെലെയുടെ ക്ലബ്ബായ ന്യൂയോർക്ക് കോസ്മോസിലേക്കു മാറിയ ആൽബർട്ടോ അവിടെയും കിരീടങ്ങൾ സ്വന്തമാക്കി. 1981ൽ കലിഫോർണിയ സർഫിലേക്കു പോയെങ്കിലും അടുത്ത വർഷം കോസ്മോസിൽ തിരിച്ചെത്തി തന്റെ ക്ലബ് കരിയറിനു തിരശീലയിട്ടു.

തുടർന്നു പരിശീലകക്കുപ്പായത്തിൽ ക്ലബ്ബുകളിലും രാജ്യാന്തര ടീമുകളിലും ആൽബർട്ടോ തന്റെ കഴിവ് തെളിയിച്ചു. എന്നാൽ, അസർബൈജാൻ കോച്ചായിരുന്നപ്പോൾ പോളണ്ടിനോടേറ്റ പരാജയത്തിൽ റഫറി കൈക്കൂലി വാങ്ങിയതായി ആരോപിച്ച് അദ്ദേഹത്തെ കൈയേറ്റം ചെയ്തത് ഏറെ വിവാദമായിരുന്നു. തുടർന്ന് അദ്ദേഹം പരിശീലക സ്‌ഥാനം രാജിവച്ചൊഴിഞ്ഞു. 1970 ലോകകപ്പ് ലോക ഇലവനിലും 1998ൽ ഇരുപതാം നൂറ്റാണ്ടിലെ ലോക ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിലും അംഗമായ ആൽബർട്ടോ, പെലെ തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും മികച്ച നൂറു കളിക്കാരിൽ ഒരാളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.