മെസി, നെയ്മര്‍... ബാഴ്സ മിന്നി
Monday, January 26, 2015 11:42 PM IST
ബാഴ്സലോണ: ലയണല്‍ മെസിയും നെയ്മറും ഇരട്ടഗോള്‍ വീതം നേടിയ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് ഉജ്വല ജയം. സ്പാനിഷ് ലാ ലിഗയില്‍ ലാറ്റിനമേരിക്കന്‍ സൂപ്പര്‍ താരങ്ങളുടെ മികവില്‍ ബാഴ്സലോണ 6-0നു എല്‍ഷെയെ കീഴടക്കി. മറ്റു മത്സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ് 3-1നു റയോ വയ്യക്കാനോയെയും റയല്‍ മാഡ്രിഡ് 2-1നു കോര്‍ഡോബയെയും റയല്‍ സോസിഡാഡ് 1-0ന് എയ്ബറിനെയും വിയ്യാറയല്‍ അതേ ഗോള്‍ വ്യത്യാസത്തില്‍ ലെവന്റയെയും പരാജയപ്പെടുത്തി.

എല്‍ഷെയുടെ മൈതാനത്ത് ആദ്യ അര മണിക്കൂര്‍ ഗോളില്ലാക്കളിയായിരുന്നു. 35-ാം മിനിറ്റില്‍ ചാവിയില്‍നിന്ന് ലഭിച്ച പന്ത് വലയിലെത്തിച്ച് ജെറാര്‍ഡ് പിക്കെ ബാഴ്സലോണയ്ക്കു ലീഡ് സമ്മാനിച്ചു. തുടര്‍ന്ന് ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കാറ്റലന്‍സിനായില്ല. ബോക്സിനുള്ളില്‍ നെയ്മറിനെ വീഴ്ത്തിയതിന് എല്‍ഷെയ്ക്കെതിരേ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിക്കു പിഴച്ചില്ല. ബാഴ്സലോണ-2, എല്‍ഷെ -0.


57-ാം മിനിറ്റില്‍ ഫയ്കാള്‍ ഫജര്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ മാര്‍ച്ചിംഗ് ഓര്‍ഡര്‍ കൈപ്പറ്റിയതോടെ ആതിഥേയരുടെ അംഗസംഖ്യ പത്തായി കുറഞ്ഞു. 69-ാം മിനിറ്റില്‍ മെസി നല്കിയ പന്തില്‍നിന്ന് നെയ്മര്‍ കറ്റാലന്‍സിന്റെ മൂന്നാം ഗോളും കുറിച്ചു. 71-ാം മിനിറ്റില്‍ മെസിക്കൊപ്പം ചേര്‍ന്ന് മത്സരത്തില്‍ നെയ്മറിന്റെ രണ്ടാം ഗോളെത്തി. 4-0നു ബാഴ്സ മുന്നില്‍. 88-ാം മിനിറ്റില്‍ മെസിയും ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ പെഡ്രോയും എതിര്‍വല കുലുക്കിയതോടെ ബാഴ്സലോണയുടെ ജയം 6-0 ആയി.

ലീഗില്‍ 19 മത്സരങ്ങളില്‍നിന്ന് 48 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 20 മത്സരങ്ങളില്‍നിന്ന് 47 പോയിന്റുമായി ബാഴ്സലോണയും 44 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.