ഒരേ വാക്കിൽ ഭിന്ന അർഥങ്ങൾ
ഒരേ വാക്കിൽ ഭിന്ന അർഥങ്ങൾ
Wednesday, December 7, 2016 1:29 PM IST
ഭരണത്തിലുള്ളവർ പറയുന്ന വാക്കുകൾക്ക് പലപ്പോഴും വിപരീതാർഥമാണ് ഉണ്ടാകുക. റിസർവ് ബാങ്ക് ഇന്നലെ പലിശനിരക്ക് കുറച്ചില്ല. അത് ധീരവും ബുദ്ധിപൂർവവുമായി എന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി ശക്‌തി കാന്ത ദാസ് പറഞ്ഞു. ശരിയായ സമയത്ത് എടുത്ത ധീരവും ബുദ്ധിപൂർവവുമായ തീരുമാനം എന്ന് ധനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്മണ്യനും പറഞ്ഞു.

കറൻസി പിൻവലിക്കൽ മുതൽ എപ്പോഴും ടിവിയിൽ കാണുന്നതാണു ദാസ്. ഒട്ടും കാണപ്പെടാത്തവരാണ് സുബ്രഹ്മണ്യനും റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേലും.

പട്ടേൽ ചെയ്തതു ശരിയും ധീരവുമാണെന്നു മറ്റു രണ്ടു പേരും പറയുമ്പോൾ ഒരേ അർഥമായിരിക്കില്ല ഉദ്ദേശിക്കുന്നത്.

കറൻസി റദ്ദാക്കലിനു സുബ്രഹ്മണ്യൻ എതിരായിരുന്നു എന്നത് രഹസ്യമല്ല. ദാസ് ആകട്ടെ റദ്ദാക്കലിനായി നിലയുറപ്പിച്ച ആളും. ഡോ. പട്ടേലിന്റെ നിലപാട് പരസ്യമല്ല. പക്ഷേ, പട്ടേൽ രണ്ടാഴ്ച മൗനം പാലിച്ചതും പിന്നീടു രണ്ടു തവണ വാ തുറന്നപ്പോൾ കാര്യമായൊന്നും പറയാത്തതും ഇന്നലെ പലിശ കുറയ്ക്കാത്തതും കൂട്ടിവായിച്ചാൽ ഒന്നു വ്യക്‌തം. റിസർവ് ബാങ്ക് ഗവർണറും പണനയ കമ്മിറ്റിയും ഈ സമയത്തു ധീരമായ തീരുമാനമെടുത്തു. കറൻസി റദ്ദാക്കൽ വളരെ വലിയ ആഘാതം സമ്പദ്ഘടനയ്ക്കു വരുത്തിയിട്ടുണ്ട് എന്നു പറയാതെ പറഞ്ഞിരിക്കുന്നു.

സമ്പദ്ഘടന ഉലച്ചിലിലാണ്. ഇതിന്റെ ഫലമറിയാൻ ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും നോക്കണം. യുഎസ് പ്രസിഡന്റാകാൻ പോകുന്ന ഡോണൾഡ് ട്രംപ് എന്തു കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നു പറയാനാവില്ല. യൂറോപ്യൻ ശിഥിലീകരണം, ക്രൂഡ് ഓയിൽ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ വേറേ.

അതിനിടയിലാണു ജനങ്ങളുടെ ക്രയശേഷിയും ക്രയശീലവും നശിപ്പിക്കുന്ന തീരുമാനം. തന്മൂലം ആരും ചെലവ് ചെയ്യുന്നില്ല.

എല്ലാവരും നല്ലശീലക്കാരായി കിട്ടുന്ന വരുമാനത്തിന്റെ ഏറിയ ഭാഗം ചെലവുചെയ്യാതെ സമ്പാദ്യമാക്കിയാൽ എല്ലാവരുംകൂടി തകരും. അതിന്റെ വലിയ പരീക്ഷണമാണു രാജ്യത്തു നടക്കുന്നത്. ആരും ചെലവു ചെയ്യാത്തപ്പോൾ വ്യാപാരവും ഉത്പാദനവും പണവും ഉണ്ടാകില്ല.


അതിനു പരിഹാരം പലിശ കുറയ്ക്കലല്ല. ജനത്തിന്റെ കൈയിൽ പണം എത്തിക്കുന്നതും അതു ചെലവാക്കാമെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതുമാണ്. പണം എത്തിക്കാൻ റിസർവ് ബാങ്ക് ശ്രമിക്കുന്നുണ്ട്. പക്ഷേ, വേണ്ടത്ര അളവിലല്ല. 15.44 ലക്ഷം കോടിയുടെ കറൻസി പിൻവലിച്ചപ്പോൾ പകരം ഇറക്കാനായതു 4.33 ലക്ഷം കോടിക്കുള്ള വക മാത്രം. വേണ്ടത്ര നോട്ടുകൾ നാട്ടുകാരിൽ എത്തുംവരെ ക്രയവിക്രയം പഴയനിലയിലാകില്ല.

അതു സാമ്പത്തികവളർച്ച പിന്നോട്ടടിക്കും. ഇപ്പോൾ പറയുന്നത് അര ശതമാനം കുറയുമെന്നാണ്. പ്രമുഖ നിക്ഷേപ ബാങ്കർമാരും ആദ്യ അവലോകനത്തിൽ അര ശതമാനം ഇടിവാണു വളർച്ചയിൽ കണക്കാക്കിയത്. രണ്ടാംഘട്ട അവലോകനം നടത്തിയവർ അരയോ ഒന്നോ ശതമാനം കൂടി താഴുമെന്നു കണക്കാക്കി. കൂടുതൽ വിവരങ്ങളും കണക്കുകളും പുറത്തുവരുമ്പോൾ റിസർവ് ബാങ്കും നിഗമനം തിരുത്തുമെന്നു കരുതാം.

യഥാർഥത്തിൽ വിലക്കയറ്റത്തെക്കാൾ സമ്പദ്ഘടനയിൽ വരാവുന്ന മറ്റു തരം ഉലച്ചിലുകളാണു റിസർവ് ബാങ്കിനെയും പണനയ കമ്മിറ്റിയെയും ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത്. അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യ പെട്ടെന്നൊരു കോളിളക്കം ഉണ്ടാക്കി. രണ്ടു വർഷമായി ക്രമേണ ഉയർന്നുവന്ന സമ്പദ്ഘടന ഇതിനു മുമ്പുതന്നെ ക്ഷീണത്തിലായിരുന്നു. ജൂലൈ – സെപ്റ്റംബറിലെ വ്യവസായ വളർച്ചത്തോത് മുൻ ത്രൈമാസത്തേക്കാളും കഴിഞ്ഞവർഷത്തെക്കാളും ഗണ്യമായി കുറവായിരുന്നു. സർക്കാർ സേവനമൊഴികെ സേവനമേഖലയും പിന്നോട്ടടിച്ചു. ഇങ്ങനെയെല്ലാമായിരിക്കെ വേറൊരു വൻ കോളിക്കം.

ഇതാണ് അനിശ്ചിതത്വം എന്നു സുബ്രഹ്മണ്യനും പട്ടേലും പറഞ്ഞത്. അത് അല്പം ധിക്കാരമായിപ്പോയി എന്ന വിമർശന ധ്വനി ശക്‌തികാന്ത ദാസിന്റെ വാക്കുകളിൽ ഉണ്ടാകും.

റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.